നാടിനെ ദുഃഖത്തിലാക്കി നവവധുവിന്റെ അപകടമരണം. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചായിരുന്നു മരണം. അൽഷിഫ നഴ്സിങ് കോളജിലെ മൂന്നാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്. Read More : ക്രെയിന്‍ സ്കൂട്ടറില്‍ ഇടിച്ചു; പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി; ദാരുണാന്ത്യം
സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂർ അറവങ്കര സ്വദേശി അസ്‌ഹർ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദിൽ കബറടക്കും.