കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയിലായ മന്ത്രവാദിനിയായ 'ജിന്നുമ്മ' എന്ന ഷമീമ ഹണി ട്രാപ്പ് കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ്. 2013ലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ ഷമീമ ഹണി ട്രാപ്പിൽ കുരുക്കിയത്. ഈ കേസില്‍ ഇവര്‍14 ദിവസം റിമാൻഡിലായിരുന്നു.
പ്രവാസിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും വശീകരിച്ച് കാസർകോട് എത്തിച്ച ശേഷമായിരുന്നു ഹണി ട്രാപ്പ്. ഷമീമയുടെ വാക്ക് കേട്ട് റൂമിലെത്തിയ പ്രവാസിയെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ വസ്ത്രമഴിപ്പിച്ച് നഗ്ന ഫോട്ടോ എടുത്തു. പിന്നീട് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു.
ഭീഷണി കൂടിയതോടെ പ്രവാസി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഷമീമയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. കേസിൽ ഇവർ 14 ദിവസം ജയിലിൽ കിടന്നിരുന്നു. ഉദുമ സ്വദേശിയുടെ 16 പവന്‍ തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മ പ്രതിയായിരുന്നു. കൂടാതെ കൂടോത്രം നടത്തി സ്വർണ്ണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയ മൂന്നോളം കേസുകൾ ജിന്നുമ്മക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.