തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകളുമായി വീണ്ടും സീ - ആനുവൽ ഷോ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഡിസംബർ 9 ന് മാധ്യമപ്രവർത്തകൻ പി കെ രാജശേഘരൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ഡിസംബർ 31 വരെയാണ്  “സീ - ദി ആനുവൽ ഷോ”  പ്രദർശനം. ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ ആർട്ട് വർക്കുകൾ ഷോയിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

പെയിൻറ്റിങ്ങ്, അപ്ലൈഡ് ആർട്ട്, ശിൽപകല എന്നീ വിഭാഗങ്ങളിൽ നിന്നുമായി ഡിസൈൻസ്, ചിത്രങ്ങൾ, ശിൽപങ്ങൾ, ഇൻസ്റ്റലേഷൻസ്, വീഡിയോ ആർട്ട് എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആനുവൽ ഷോയുടെ ഭാഗമായി കലാപ്രദർശനത്തിനപ്പുറം വിവിധ വിഷയങ്ങളിലുള്ള പ്രസൻറേഷനുകളും ചർച്ചകളും വർക്ഷോപ്പുകളും സംഘടിപ്പിക്കും. 

കൂടാതെ, പല ദിവസങ്ങളിലായി സിനിമാ പ്രദർശനങ്ങളും കളമെഴുത്ത്, ക്ലാസിക്കൽ നൃത്തം തുടങ്ങിയ വിവിധ  പെർഫോമെൻസുകളും സാംസ്കാരിക പരിപാടികളും പ്രദർശനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എക്സിബിഷനും അനുബന്ധ പരിപാടികളും കാണാൻ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. പൊതുസമൂഹത്തിന് കോളേജിൻറെ കലാപ്രവർത്തനങ്ങളുമായി  അർത്ഥവത്തായ സംഭാഷണങ്ങൾ കെട്ടിപ്പടുക്കുവാനുള്ള  ഒരു തുറന്ന വേദിയാണ് ഈ പ്രദർശനം. 

രാവിലെ 10 മണി മുതൽ വൈകീട്ട് 7 വരേയാണ് ഗാലറിയിലെ പ്രദർശന സമയം. വർഷങ്ങളായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ സീ എന്ന പേരിൽ നടത്തിവരുന്ന ആനുവൽ ഷോ സമകാലിക കാലത്തെ സർഗ്ഗത്മകമായ ഇടപെടലാണ്.  കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ  സമ്പന്നമായ ഒരു അനുഭവമാണ് 'സീ 2024-2025' വാഗ്‌ദാനം ചെയ്യുന്നത്. 

ENGLISH SUMMARY:

See - The Annual Show' at Thiruvananthapuram Fine Arts College