പ്രായം 75 പിന്നിട്ട അബ്ദുറാക്ക എന്ന് വിളിപ്പേരുള്ള അബ്ദുറഹ്മാൻ മലപ്പുറം കാളികാവിലെ നാട്ടുകാരുടെ ഹീറോയാണ്. 60 വർഷം മുൻപ് തൊഴിൽ ആവശ്യത്തിനു വാങ്ങിയ ഹീറോ സൈക്കിൾ പിന്നീട് അബ്ദുറഹ്മാന്റെ സന്തതസഹചാരിയായി മാറിയ കഥയൊന്നു കാണാം.
കാളികാവിലെ പുലർകാല കാഴ്ച ഇതാണു. കൈക്കോട്ടും കത്തിയുമെല്ലാം സുരക്ഷിതമായി കെട്ടി കൃഷിയിടത്തിലേക്ക് പോകുന്ന അബ്ദുറാക്ക. സൈക്കിൾ ഓടിച്ചു തള്ളിയോ അല്ലാതെ അബ്ദുറാക്കയെ കാണുക അപൂർവ്വമാണ്. 1963ല്‍ അബ്ദുറാക്കയ്ക്ക് ഒപ്പം കൂടിയതാണ് ഈ ഹീറോ. ഐസ് കച്ചവടം നടത്താനാണ് സൈക്കിൾ വാങ്ങിയത്.
സൈക്കിളിന്റെ ഫ്രെയിം മാത്രമാണ് നിലവിൽ പഴയത്. പ്രായാധിക്യം സൈക്കിളിനെ ബാധിച്ചു. സൈക്കിളിന്റെ ഒട്ടുമിക്ക എല്ലാ പാർട്സും മാറ്റിവെച്ചു. എങ്കിലും പഴയ ഹീറോയെ ഒഴിവാക്കാൻ അബ്ദുറാക്ക തയ്യാറല്ല. കടല വില്പനയും മാങ്ങ കച്ചവടവും അങ്ങനെ പല കച്ചവടങ്ങൾ സൈക്കിളിൽ നടത്തി.
ഇപ്പോൾ പരിസരത്തുള്ള മത്സരത്തുള്ള സ്ഥലങ്ങളിൽ കൃഷി പണിക്ക് പോകും. പണിയായുധങ്ങളുമായി ഈ സൈക്കിളിൽ തന്നെയാണ് പോക്ക്. ഈ ഹീറോ സൈക്കിളിനെ കുടുംബാംഗത്തെ പോലെയാണ് കാണുന്നത് എന്നാണ് സൈക്കിൾ മാറ്റി വാങ്ങിക്കൂടെ എന്ന ചോദ്യത്തിന്റെ മറുപടി.