വല്ലഭന് പുല്ലും ആയുധം എന്നല്ലേ...എഴുപത്തുമൂന്ന് വയസുള്ള കോഴിക്കോട് മാവൂര്‍ സ്വദേശി കമലവും അങ്ങനെയാണ്. എല്ലാവരും പേപ്പറിലും തുണിയിലുമൊക്കെ ചിത്രരചന നടത്തുമ്പോള്‍ അത്ര എളുപ്പമല്ലാത്ത അലൂമിനിയം ഷീറ്റാണ് ഈ കലാകാരിയുടെ ക്യാന്‍വാസ്.
ബ്രഷും ചായവും കമലത്തെ നോക്കി ബോറടിച്ച് ഇരിപ്പാണ്.. അലോമിനിയം ഷീറ്റെടുത്ത് ചിത്രംവരയ്ക്കാന്‍ തുടങ്ങിയാല്‍ ആദ്യപണിയെല്ലാം പേനയും ഉളിയും കത്തിയുമാണ് ചെയ്യുന്നത്. പിന്നീടാണ് ബ്രഷിനും ചായത്തിനുമുള്ള അവസരം. വരയില്‍ നല്ലശ്രദ്ധവേണം. തെറ്റിയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങണം.
സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് വീണ് കാലിന് പരുക്കേല്‍ക്കുന്നത്. അതോടെ ചെറുപ്പത്തില്‍ പഠിച്ച കലയിലേക്ക് വീണ്ടും തിരികെയെത്തി. സ്വന്തമായി സമ്പാദിച്ചു ജീവിക്കണമെന്നതാണ് അന്നും ഇന്നും ലക്ഷ്യം.
ദിവസങ്ങളെടുത്താണ് ഒാരോന്നും പൂര്‍ത്തിയാക്കുന്നത്. വീട്ടിലെ സ്വീകരണമുറിയെല്ലാം അലോമിനിയം ഷീറ്റില്‍ തീര്‍ത്ത കലാവിരുതാണ്. കേരളത്തിന് പുറത്തും നിരവധി ആവശ്യക്കാരാണ് ഇതിന്.