പ്രകൃതിയുടെ മാറ്റങ്ങളില്‍ മഴയും, വെയിലും കാറ്റും ഉള്‍പ്പെടെ വ്യത്യസ്ത ഭാവങ്ങളാണ്. മാറ്റത്തിന്റെ വേരുകള്‍ മണ്ണിലാഴ്ന്നിറങ്ങുമ്പോഴും നോക്കെത്താ ദൂരത്തോളം നിറയുന്ന പച്ചപ്പ് പാലക്കാടിന്റെ സ്വത്താണ്. നെല്ല് സംഭരണ പ്രതിസന്ധിയും വന്യമൃഗശല്യവും ഉള്ളുപൊള്ളിക്കുമെങ്കിലും ഇവര്‍ക്ക് നെല്ലറ നിറയ്ക്കാതെ വിശ്രമമില്ല.
നാലാളെക്കൂട്ടി ഞാറ് പാകി നിലമൊരുക്കണം. തേവും വെള്ളം ചാലൊരുക്കി മണ്ണിന്റെ ഉള്ളുനനയും വരെയാവണം. കാറ്റും, കോളും, കാര്‍മേഘങ്ങളും മാറി കതിരിടുന്നൊരു കാലം. ഒടുവില്‍ നൂറുമേനി വിളയും നേരം പത്തായത്തില്‍ പതിരൊഴിഞ്ഞ് നെല്ലറ നിറയണം. അങ്ങനെ പഞ്ഞമില്ലാത്ത നാളുവരണം. ആകുലതകള്‍ എന്തായാലും മണ്ണറിയും പോലും വിത്ത് മുളപ്പിക്കാന്‍ മനസുറയ്ക്കുന്ന കര്‍ഷകര്‍ക്കാണ് ഇവിടെ പൊന്ന്.
പാലക്കാടന്‍ വയലേലകളിലെ പതിവുകള്‍ക്ക് പകലന്തിയോളം വിയര്‍പ്പിറ്റാന്‍ മനസുള്ള കര്‍ഷകര്‍ക്ക് ഈ മണ്ണാണ് എല്ലാ പ്രതീക്ഷയും പ്രഭാതവും. വന്യമൃഗശല്യം വീണ്ടും രൂക്ഷമായ ധോണിയില്‍ ആനപ്പേടിയ്ക്കിടയിലും രണ്ടാംവിള കൃഷിയൊരുക്കാനുള്ള മനസാണ് പ്രധാനം.
ഞാറ് പാകാനിടവരുന്നതിനൊപ്പം കൃഷിയിടം നന്നായി സംപുഷ്ടമാക്കാനാണ് ഇക്കൂട്ടരുടെ വരവ്. നിരയൊഴിയാ കൗതുകങ്ങളായി കൃഷിയിടത്തിലേക്ക് ശബ്ദമുണ്ടാക്കിയെത്തുമ്പോള്‍ നെല്ല് നന്നായി മുളപൊട്ടിവരാനുള്ള വകയുണ്ടാവുമെന്ന് കര്‍ഷകര്‍. താറാക്കൂട്ടത്തിനെ പരിചരിക്കുന്നവര്‍ക്ക് പ്രത്യേകം തുക നല്‍കിയാണ് കൃഷിയിടത്തിനോട് ചേര്‍ന്ന് താമസിപ്പിച്ച് ചേറുള്‍പ്പെടെ ചികഞ്ഞ് മറുകണ്ടം തേടിപ്പോവുന്ന പതിവ്.