തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. പ്രതി പത്മരാജനും മകളും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. കൊല്ലപ്പെട്ട അനിലയുടെ അമ്മ രാധ പ്രതിയെ കണ്ടപ്പോള്‍ കരഞ്ഞ് ചേര്‍ത്തുപിടിച്ചു. അനിലയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ കണ്ണനല്ലൂര്‍ റോഡിലെ പെട്രോള്‍ പമ്പ്, വീടിന് സമീപത്തെ കേറ്ററിങ് സ്ഥാപനം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പിന് ശേഷം മടങ്ങുന്നതിനായി ജീപ്പില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് വീടിന്‍റെ കവാടത്തില്‍ നില്‍ക്കുന്ന മകളെ പത്മരാജന്‍ കണ്ടത്. തുടര്‍ന്ന് പത്മരാജന്‍ അവിടയേക്ക് എത്തുകയും മകളെ കെട്ടിപ്പിടിച്ച് കരയുകയുമായിരുന്നു. പത്മരാജനെ കണ്ട അനിലയുടെ അമ്മ രാധയും ചേര്‍ത്തുപിടിച്ച് കരഞ്ഞു. പത്മരാജൻ പാവമാണെന്ന് നാട്ടുകാരും പറഞ്ഞു.
ആൺ സുഹൃത്തുമായി ചേർന്നു ബേക്കറി തുടങ്ങിയതോടെ തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്നു കരുതിയാണു കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയതെന്ന് അനില വധക്കേസിലെ പ്രതി പത്മരാജന്‍റെ കുറ്റസമ്മത മൊഴി. കഴിഞ്ഞ ചൊവ്വ രാത്രിയാണ് അനില സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നു വാനിൽ എത്തിയ പത്മരാജൻ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അനില തൽക്ഷണം മരിച്ചു. അനിലയുടെ ബേക്കറിയിലെ ജീവനക്കാരൻ കൊട്ടിയം പുല്ലിച്ചിറ സോണി നിവാസിൽ സോണി ജോസഫിനു പൊള്ളലേറ്റു.
സംഭവത്തിനു ശേഷം പത്മരാജൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കടപ്പാക്കട നായേഴ്സ് ആശുപത്രിക്കു സമീപം കഴിഞ്ഞ മാസം അനില തുടങ്ങിയ ബേക്കറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഭാര്യയിലുള്ള സംശയവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. താൻ അറിയാതെ അനിലയുടെ ആൺ സുഹൃത്ത് പട്ടത്താനം സ്വദേശി ഹനീഷ് ലാൽ ബേക്കറിയിൽ പണം മുടക്കിയതു സംബന്ധിച്ചു പത്മരാജനും അനിലയും തമ്മിൽ വഴക്കും ഉണ്ടായി. ഹനീഷ് ലാൽ പത്മരാജനെ മർദിച്ചതും പ്രതികാരത്തിന് ഇടയാക്കി.