എല്ലാ വൈജാത്യങ്ങൾക്കുമപ്പുറത്തു മനുഷ്യൻ ഒരുമയോടെ, ഏകമനസ്സോടെ, സാഹോദര്യത്തോടെ നിലകൊള്ളണമെന്ന് ഓർമിപ്പിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ ജീവിക്കുന്നത്. ജാതിമതഭേദങ്ങളും അതുണ്ടാക്കുന്ന ദ്വേഷങ്ങളും ചര്‍ച്ചയാകുന്ന ഈ സമയത്ത് ഒരു കന്യാസ്ത്രീ തന്‍റെ കരുണാലയത്തിലെ അന്തേവാസിയായ ഹൈന്ദവ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ ശവസംസ്കാര ക്രിയകൾ നടത്തുന്ന ദൃശ്യങ്ങള്‍ സൈബറിടത്ത് വൈറലാണ്.
‘എന്ത് ജാതി ,എന്ത് മതം നമ്മളെല്ലാം ഒന്നുതന്നെ. എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് മലയാളികൾ, ഇന്നലെ മരണമടഞ്ഞ കരുണാലയം അന്തേവാസിയുടെ മൃതശരീരം ഹൈന്ദവ വിധിപ്രകാരം ശവസംസ്കാര ക്രിയകൾ നടത്തുന്ന സിസ്റ്റർ സജിത കരുണാലയം ’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
ആരോരുമില്ലാത്തവരെയും ആർക്കുംവേണ്ടാത്തവരെയും മറ്റുള്ളവരാൽ ഉപേക്ഷിച്ചവരെയും വഴികളിൽനിന്നും റെയിൽവേസ്റ്റേഷനുകളിൽനിന്നും കണ്ടെത്തി അവർക്കും അന്തസ്സായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും സ്വന്തം മാതാപിതാക്കളെപോലെ അല്ലെങ്കിൽ സഹോദരങ്ങളെപ്പോലെ ശുശ്രൂഷിച്ചും മരണാനന്തരശുശ്രൂഷകളും നൽകി, സേവനം ചെയ്യുന്ന നൂറുകണക്കിന് സന്യാസിനികൾ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ സേവനം ചെയ്യുന്നുണ്ട്. ഇത് അതിൽ ഒന്നുമാത്രം എല്ലാവർക്കും ഹൃദയത്തിൽനിന്നും ഒരു സല്യൂട്ട് എന്ന് ഒരാള്‍ കമന്‍റ് രേഖപ്പെടുത്തിയപ്പോള്‍ ഇതു മാതൃകയാക്കണം ഓരോരുത്തരും, ഹൃദയ വിശാലത ഉള്ളവർക്ക് മറ്റുള്ളവരെ മനസിലാക്കാൻ പറ്റും എന്നിങ്ങനെ പോകുന്നു വിഡിയോയിക്ക് ലഭിക്കുന്ന മറ്റ് കമന്‍റുകള്‍.