‘ആന ചേട്ടനെ തട്ടിക്കളിക്കുകയായിരുന്നു. ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല. അതുകൊണ്ടാണ് അങ്ങോട്ട് പോകാത്തത്’; പറഞ്ഞ് തുടങ്ങുമ്പോള്‍ മനീഷ് വിറയ്ക്കുന്നുണ്ടായിരുന്നു. മുഖത്തെ ആ പേടി ഇതുവരെ മാറിയിട്ടില്ല. ആന എല്‍ദോസിനെ ഉപദ്രവിക്കുന്നത് കണ്ടയാളാണ് മനീഷ്.
‘കടയില്‍ മറന്നുവച്ച സാധനങ്ങള്‍ എടുക്കാനാണ് ഇതുവഴി വന്നത് , ആന ഇറങ്ങിയതറിഞ്ഞ് പേടിച്ച്, ശ്രദ്ധിച്ചാണ് നടന്നത്, പെട്ടെന്നാണ് മൃതദേഹം കണ്ടത്, നിലവിളിക്കാന്‍പോലും കഴിഞ്ഞില്ല, ഞെട്ടലും വിറയലും ഇപ്പോഴുമുണ്ട്. ആ വഴി പോകാന്‍പോലും പേടി. ഞാന്‍ ഫോറസ്റ്റിലെ ആളുകളെ അറിയിക്കുകയായിരുന്നു. എല്‍ദോസ് എന്‍റെ അയല്‍ക്കാരനാണ്. എല്‍ദോസിനെ ആന തട്ടിക്കളിക്കുകയായിരുന്നു. ശരിക്കും ഉപദ്രവിച്ചു. തുണിയെല്ലാം വലിച്ചു കീറി’ വിറച്ചുകൊണ്ട് മനീഷ് പറഞ്ഞു നിര്‍ത്തി.
അതേ സമയം കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് എറണാകുളം കോതമംഗലത്തും കുട്ടമ്പുഴയിലും ജനകീയ ഹര്‍ത്താലാചരിക്കുകയാണ്. വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി ഏഴരയോടെ ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസിനെ ആനചവിട്ടിക്കൊന്നതിന് പിന്നാലെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ആറുമണിക്കൂറോളം നാട്ടുകാര്‍ പ്രതിഷേധിച്ചു. പുലര്‍ച്ചെ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.എല്‍ദോസിന്റെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. 27–ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉറപ്പുകള്‍ നല്‍കിയതിന് പിന്നാലെ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് കൈകൂപ്പി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസിന്റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്.