വിവാദ മെക് സെവന്‍ വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. മലപ്പുറം ചേളാരിയില്‍ മെക് സെവനില്‍ അബിന്‍ പങ്കെടുത്തു. വ്യായാമത്തെ വര്‍ഗീയതായി മുദ്രകുത്തുന്നത് സിപിഐഎമ്മും സംഘപരിവാറും ആണെന്ന് അബിന്‍ പ്രതികരിച്ചു. ‘വളരെ നല്ല അനുഭവമായിരുന്നു ഇത്. ബേസിക് എക്സൈസുകളാണ് പഠിപ്പിക്കുന്നത്. ജിമ്മിലും യോഗയുമൊക്കെ ചെയ്യുന്നത് പോലെയുള്ള എക്സൈസുകൾ. ഈ കൂട്ടായ്മക്കെതിരെ എന്തിനാണ് വർഗീയമായ ദുർപ്രചാരണം നടത്തുന്നത് എന്നറിയില്ല’, ഇത് പ്രോത്സാഹിപ്പിക്കണമെന്നും അബിൻ വർക്കി പറഞ്ഞു.
ആര്‍എസ്എസിന്റെ ശാഖയില്‍ ദണ്ഡ് വെച്ച് പരിശീലനം നടത്തുമ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വിഷമം ഇല്ലല്ലോയെന്നും അബിന്‍ ചോദിക്കുന്നു. നേരത്തെ മെക് സെവനെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകള്‍ വഴി തിരിച്ചു വിടരുതെന്നും പറഞ്ഞ് പ്രസ്താവനയില്‍ നിന്നും സിപിഐഎം പിന്മാറുകയായിരുന്നു.