മെക് 7 ന് എതിരായ വിമർശനം പിൻവലിച്ച് സുന്നി എ.പി വിഭാഗം. ഏതെങ്കിലും ഒരു ക്ലബിനെ ഉദേശിച്ചല്ല വിമർശനം ഉന്നയിച്ചത് എന്ന് എസ്‌വൈഎസ് ജനറൽ സെക്രട്ടറിയും എപി വിഭാഗം നേതാവുമായ അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു. സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കുന്നതിനെയാണ് എതിർത്തത് എന്നും അദ്ദേഹം കോഴിക്കോട് വ്യക്തമാക്കി.
അതേസമയം, മെക് സെവൻ വിവാദത്തിൽ സി.പി.എമ്മിനും കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനുമെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ രംഗത്തെത്തി. കൂട്ടായ്മകളിൽ മുസ്‌ലിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ മറ്റൊരു കണ്ണോടു കൂടി കാണുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നേതാവ് തുടങ്ങിവച്ച വിവാദം ഇപ്പോൾ ബിജെപി നേതാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. കേരള പൊലീസിൽ പിടിമുറുക്കിയ ആർഎസ്എസ് കരങ്ങളെക്കുറിച്ചും പി മോഹനന് ഓർമയുണ്ടാകണമെന്നും സത്താർ പന്തല്ലൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.
മെക് 7 വിവാദത്തിൽ സിപിഎം മലക്കം മറിഞ്ഞത് മത തീവ്രവാദികളെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. പി മോഹനനെ സിപിഎം ഉന്നത നേതൃത്വം ആണ് തിരുത്തിയത്. വിഷയത്തിൽ പൊലീസും എടിഎസും അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കിൽ സംസ്ഥാനം കേന്ദ്ര ഏജൻസികളെ ആശ്രയിക്കണമെന്നും കെ സുരേന്ദ്രൻ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.