കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പത്ത് കിലോമീറ്ററോളം പോയി അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ഭര്‍ത്താവ് ഗോപിനാഥനും മകന്‍ മനോജിനുമൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഭര്‍ത്താവ് രാവിലെ റബ്ബര്‍ ടാപ്പിങ്ങിനായി പോകുന്നത് പതിവായിരുന്നു. കടയിലേക്ക് പോയ മകന്‍ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിച്ചു. ശ്യാമളയെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇക്കഴിഞ്ഞ മെയ് 28ന് രാവിലെയാണ് ശ്യാമള വീടിന് സമീപത്തെ കടവില്‍ നിന്ന് കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ടത്. മഴകാരണം നദിയില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഒഴുക്കില്‍പ്പെട്ട് പത്ത് കിലോമീറ്ററോളം സഞ്ചരിച്ച ശ്യാമള ചെറുപൊയ്ക മംഗലശ്ശേരി കടവിന് സമീപം എത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അതിസാഹസികമായാണ് നാട്ടുകാര്‍ ശ്യാമളയെ അന്ന് കരയ്‌ക്കെത്തിച്ചത്.