എൽപി ക്ലാസുകൾ മുതൽ കാൽപ്പന്ത് ജീവിതത്തിന്റെ ഭാഗമാണ് മണ്ണാർക്കാട് കോടതിപ്പടി പുതിയ മാളിയേക്കൽ പൂക്കോയ തങ്ങൾക്ക്. യുപി, ഹൈസ്കൂൾ ക്ലാസുകളിലെത്തിയതോടെ കളി കാര്യമായി. നാട്ടിലെ ബ്രദേഴ്സ് ക്ലബിനു വേണ്ടി കളിച്ചിരുന്ന തങ്ങൾ സെവൻസ് മൈതാനങ്ങളിൽ മുന്നേറ്റനിരയിലെ താരമായി. പത്താം ക്ലാസ് പഠനകാലത്തു ജില്ലാതല സ്കൂൾ ടൂർണമെന്റിൽ കിരീടം നേടിയ കുമരംപുത്തൂർ കല്ലടി ഹൈസ്കൂളിനായി ഗോൾ നേടി വിജയശിൽപിയായി. പത്തിൽ പഠനം നിർത്തിയതോടെ കളി കാര്യമായി.
വിവാഹത്തിന് പിന്നാലെ പ്രവാസ ജീവിതം. വിവാഹം കഴിഞ്ഞു മൂന്നാം നാൾ ഭാര്യവീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ കാറിൽ നിന്നു മണ്ണാർക്കാട്ടെ മൈതാനത്ത് ഇറങ്ങി ഫുട്ബോൾ മത്സരം കളിച്ചത് ഇന്നും തങ്ങളുടെ ഓർമയിലുണ്ട്. വിദേശത്തേക്കു വിമാനം കയറിയതോടെ മൂന്ന് പതിറ്റാണ്ടോളം ഫുട്ബോളിനു അവധി നൽകി. ജീവിതം സുരക്ഷിതമാക്കി നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നതിനു വർഷങ്ങൾക്കു മുൻപു വിദേശത്തു വീണ്ടും പന്തു തട്ടി. ഖത്തറിൽ ഇപ്പോഴും തുടരുന്ന ഫ്രൈഡേ ഫുട്ബോൾ ക്ലബിന്റെ സ്ഥാപകനായിട്ടായിരുന്നു രണ്ടാം വരവ്.
പന്ത് പതിയെ കാലിനു വഴങ്ങിത്തുടങ്ങിയതോടെ തങ്ങൾ പഴയ തങ്ങളായി. മുന്നേറ്റ നിരയിൽ നിന്നു സ്വയം പിൻവാങ്ങിയ തങ്ങൾ ഇപ്പോൾ ഇടതു പ്രതിരോധ നിരയിലെ വിശ്വസ്തനാണ്. ആറ് വർഷം മുൻപു നാട്ടിലെത്തിയ ശേഷം വീണ്ടും പാലക്കാട്, മലപ്പുറം ജില്ലകളിലെ മൈതാനങ്ങളിൽ പൂക്കോയ തങ്ങൾ കളം നിറഞ്ഞു. മലപ്പുറം വെറ്ററൻസ് സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ അംഗമാണ്.