മനക്കരുത്തില്‍ കൂട്ടുകാരെ വൈദ്യുതാഘാതത്തില്‍ നിന്നും രക്ഷിച്ച അഞ്ചാം ക്ലാസുകാരന് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം. പാലക്കാട് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരന്‍ മുഹമ്മദ് സിദാനാണ് സഹപാഠിയായ മുഹമ്മദ് റാജിഹിനെയും ഏഴാം ക്ലാസുകാരന്‍ ഷഹജാസിനെയും ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
‘മിടുക്കന്‍. പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിച്ചവന്‍. പേടിച്ചരണ്ട് നിലവിളിച്ച് മാറിനില്‍ക്കാതെ അപകടമുനമ്പില്‍ നിന്നും ധൈര്യസമേതം സുഹൃത്തുക്കളെ രക്ഷപ്പെടുത്തിയവന്‍.’ കോട്ടോപ്പാടം സ്വദേശി ഉമ്മര്‍ ഫാറൂഖിന്‍റെ മകന്‍ മുഹമ്മദ് സിദാന് നാട്ടുകാര്‍ നല്‍കുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. കഴിഞ്ഞദിവസം സ്കൂളിലേക്കുള്ള യാത്രയ്ക്കായി വീട്ടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു മൂവരും. ഇതിനിടയിലാണ് അടുത്തുള്ള വൈദ്യുതിത്തൂണില്‍ നിന്നും മുഹമ്മദ് റാജിഹിന് വൈദ്യുതാഘാതമേറ്റത്.
രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഴാം ക്ലാസുകാരന്‍ ഷഹജാസിനും ആഘാതമേറ്റു. തമാശയെന്ന് ആദ്യം തോന്നിയെങ്കിലും ഇരുവര്‍ക്കും ഷോക്കേറ്റുവെന്ന് മനസിലാക്കിയതോടെ മുഹമ്മദ് സിദാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സമീപത്തുണ്ടായിരുന്ന വടി ഉപയോഗിച്ച് ഇരുവരെയും വൈദ്യുതി കമ്പിയില്‍ നിന്നും തട്ടിമാറ്റി. മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയതോടെ ഇരുവരും ഉഷാറായി. കൂട്ടുകാരന്‍ ജീവന്‍ തിരികെപ്പിടിക്കാന്‍ കൂടെനിന്നതിന്‍റെ സന്തോഷം കുരുന്നുകള്‍ക്കും കൂട്ടത്തില്‍ അധ്യാപകര്‍ക്കും.
വേഗത്തില്‍ ഇടപെട്ടതു കൊണ്ടാണ് രണ്ട് കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാനായത് . സ്കൂളില്‍ നിന്നും ലഭിച്ച പ്രാഥമിക പാഠത്തില്‍ നിന്നാണ് ഇത് ചെയ്തതെന്ന് മനസിലാക്കുമ്പോള്‍ കൂടുതല്‍ അഭിമാനമെന്ന് സ്കൂളിലെ പ്രധാനധ്യാപകന്‍ പി.ശ്രീധരന്‍ പറഞ്ഞു.
വീട്ടില്‍ ബന്ധുവിന് സമാനരീതിയില്‍ ഷോക്കേറ്റ സമയം അമ്മ പ്രതികരിച്ചത് മനസിലുണ്ടായിരുന്നതാണ് സിദാനും കൂട്ടുകാരെ സഹായിക്കാന്‍ തുണയായത്. കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ച മുഹമ്മദ് സിദാനെ സ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ക്രിസ്തുമസ് വെക്കേഷൻ അവസാനിച്ച് മുഹമ്മദ് സിദാന് വിപുലമായ അനുമോദന പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സ്കൂൾ.