മലയാളിക്ക് കണ്ടും അനുഭവിച്ചും കൊതിതീരാത്ത ചേരുവയായിരുന്നു എം.ടിയും മോഹന്‍ലാലും. താഴ്‌വാരവും സദയവും മാത്രം മതി ആ രസതന്ത്രത്തിന് തെളിവായി. മോഹന്‍ലാലിന്റെ എം.ടി ഭാവപ്പകര്‍ച്ചകള്‍ ഇന്നും തലയെടുപ്പോടെ അങ്ങനെ നില്‍പ്പുണ്ട്.
അരങ്ങില്‍ കര്‍ണനായി കണ്ട് അഭിനന്ദിച്ചു, തിരയില്‍ ഭീമനായി കാണാന്‍ കൊതിച്ചു. മോഹന്‍ലാലില്‍ എം.ടി തന്റെ കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ടു. സദയത്തിലെ സത്യനാഥനെ മോഹന്‍ലാല്‍ ഭാവഭദ്രമാക്കി.
എം.ടിയുടെ വാക്കിനോളം മൂര്‍ച്ചയോടെ സത്യനാഥനെ മോഹന്‍ലാല്‍ അവിസ്മരണീയമാക്കി. എം.ടിയുടെ മികച്ച തിരക്കഥയും മോഹന്‍ലാലിന്റെ പകരംവയ്ക്കാനാക്കാത്ത അഭിനയപാടവവും. സദയം കാലത്തിനതീതമായി സഞ്ചരിച്ചു.
ഒടുങ്ങാത്ത പകയും നഷ്ടപ്പെടാനൊന്നുമില്ലാത്തവന്റെ ശൂന്യതയും പേറി അടിവാരത്തേക്കിറങ്ങി വന്ന ബാലനെ കണ്ട് എം.ടി പോലും അദ്ഭുതപ്പെട്ടു. താന്‍ എഴുതിയ തിരക്കഥയ്ക്കും മേലെയെത്തിയ ലാലിന്‍റെ പ്രകടനമെന്ന് എം.ടിയുടെ സാക്ഷ്യം. അമൃതംഗമയയും ഉയരങ്ങളിലും അടക്കം കരുത്തുറ്റ വേഷങ്ങളേറെ മോഹന്‍ലാലിന് സമ്മാനിച്ചു പ്രിയപ്പെട്ടഎം.ടി.
പുരാണം അരികുതള്ളിയ ഭീമന്‍ നായകനായ ഇതിഹാസനോവല്‍ സിനിമയായപ്പോള്‍, നായകനായി എം.ടി കണ്ടത് മോഹന്‍ലാലിനെ. എം.ടിയും മോഹന്‍ലാലും ഏറെ ആഗ്രഹിച്ച്, നടക്കാതെ പോയ സ്വപ്നമായിരുന്നു അത്.
മോഹന്‍ലാലിനോടും എല്ലാക്കാലവും സവിശേഷമായ അടുപ്പം കാത്തു എം.ടി. ഒടുവില്‍ ഓളവും തീരവും എന്ന ചെറുചിത്രത്തില്‍ ബാപ്പുട്ടിയായതും മോഹന്‍ലാല്‍ തന്നെ...