കോലി കുടുംബസമേതം ലണ്ടനിലേക്ക് സ്ഥിരതാമസമാക്കുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെയിതാ താരത്തിന്‍റെ മറ്റൊരു വിശേഷമാണ് സമൂഹമാധ്യമത്തില്‍ ട്രെന്‍ഡിങ്ങാകുന്നത്. വിരാട് ഒന്ന് തലമുടി വെട്ടിയതാണ് ഇപ്പോള്‍ ആരാധകരുടെ ആഘോഷത്തിനടിസ്ഥാനം. ‘ഇനി പുത്തന്‍ ട്രെന്‍ഡ് ഇതാണ്’ എന്നു പറഞ്ഞ് ഒട്ടേറെപ്പേരാണ് താരത്തിന്‍റെ പുത്തന്‍ലുക്ക് പരീക്ഷിക്കുന്നതും.

മുംബൈയിലുള്ള ആലിം ഹക്കീമാണ് താരത്തിന്‍റെ പ്രിയപ്പെട്ട മുടിവെട്ടുകാരന്‍. കോലി സ്ഥിരമായി മുടിവെട്ടാനെത്തിയിരുന്നത് ഇവിടെയായിരുന്നു. എന്നാല്‍ ഇത്തവണ ജോര്‍ദാന്‍ തബാക്ക്മാന്‍റെ ദ് ബാര്‍ബര്‍ ക്ലബ് പോര്‍ട്ടിലാണ് താരമെത്തിയത്. മുടിവെട്ടിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. പതിവായി ചെയ്യുന്ന ലുക്ക് ഇത്തവണ താരം മാറ്റിപിടിച്ചിട്ടുണ്ട്.

മറ്റൊരു കാര്യം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത് ഇതിന് താരം നല്‍കിയത് എത്ര രൂപയായിരിക്കാം എന്ന കണക്കാണ്. ഏകദേശം ഒരു ലക്ഷം രൂപയാണ് ഒരാള്‍ക്ക് മുടിവെട്ടി നല്‍കുന്നതിന് ജോര്‍ദാന്‍ തബാക്ക്മാന്‍ വാങ്ങുന്നത്. ഹെയര്‍‌സ്റ്റൈല്‍, ഡ്രസ്സിങ് തുടങ്ങി എല്ലാത്തിലും നന്നായി ശ്രദ്ധിക്കുന്ന, ട്രെന്‍്ഡി ലുക്ക് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന താരം ഇതിനൊക്കെ എത്ര വില കൊടുക്കാനും റെഡിയാണ് എന്നും ആരാധകരുടെ കണ്ടെത്തലുണ്ട്. ‘ലക്ഷങ്ങള്‍ പൊട്ടിച്ചാലെന്താ ആള് ചുള്ളനല്ലേ’ എന്നതാണ് സ്ഥിരം കമന്‍റ്.

കോലിയുടെ മാത്രമല്ല ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, സൂര്യ കുമാര്‍ യാദവ്, യസ്വി ചഹല്‍, കെ.എല്‍ രാഹുല്‍ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെയും ഫേവറേറ്റ് ഹെയര്‍സ്റ്റൈലിസ്റ്റാണ് ജോര്‍ദാന്‍ തബാക്ക്മാന്‍. ഇവര്‍ക്കൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും തബാക്ക്മാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുമുണ്ട്.