കേട്ടു പരിചയിച്ച കഥകളെയും കഥാപാത്രങ്ങളെയും പൊളിച്ചെഴുതി വിജയിച്ചവരില്‍ എംടിയോളം വരില്ല മറ്റാരും. ഇതിഹാസങ്ങളിലും പഴങ്കഥകളിലും എംടി നടത്തിയ ഇടപെടലുകള്‍ അവയുടെ യഥാര്‍ഥ രൂപങ്ങളെക്കാള്‍ നമ്മുടെ മനസ്സില്‍ പതിഞ്ഞവയാണ്. എംടി മാറ്റിയെഴുതിയ മൂന്ന് കഥാപാത്രങ്ങളിലൂടെ...
പാണന്‍മാര്‍ പതിറ്റാണ്ടുകള്‍ പാടി നടന്നതൊക്കെയും മലയാളി മറന്നത് എംടിയുടെ ഒരൊറ്റ തിരക്കഥ കൊണ്ടാണ്. ചതിയന്‍ ചന്തുവിനെ എംടി ചതിക്കാത്ത ചന്തുവാക്കി. മലയാളത്തില്‍ പുതിയൊരു ഫോക് ലോര്‍ പിറന്നു. പുതിയ അര്‍ഥങ്ങളണിഞ്ഞ് ഉണ്ണിയാര്‍ച്ചയും ആരോമലും അരിങ്ങോടരുമെല്ലാം നമ്മുടെ മനസ്സിലുറച്ചു.
തച്ചനില്‍ തച്ചന്‍റെ കഥ പറയാന്‍നേരം എംടി ഉളിയെറിഞ്ഞത്, കേട്ടുറച്ച കഥയുടെ കടക്കല്‍ തന്നെയായിരുന്നു. പെരുന്തച്ചല്‍ കോംപ്ലക്സിനെ കഥകളുടെ പെരുന്തച്ചന്‍ മാറ്റിപ്പണിതു. പെരുന്തച്ചന്‍ എന്ന അച്ഛന്‍ എന്തിനത് ചെയ്തു എന്ന് എംടി അന്വേഷിച്ചപ്പോള്‍ പിറന്നത് പുതിയൊരിതിഹാസം. ജാതിയുടെ രാഷ്ട്രീയമുയര്‍ത്തി തിരകളെ ചൂടുപിടിപ്പിച്ചതും ചരിത്രം.
പിറവി മുതല്‍ പിന്നാലെ കൂടിയ അപമാനങ്ങളില്‍ പുളയുന്ന എംടിയുടെ ഭീമന്‍ അതുവരെ ഭാരതം വായിച്ചറിഞ്ഞ ഭീമനായിരുന്നില്ല. എന്നോടെന്തിനിത് എന്ന്, വിധിയോട് ചോദിക്കുന്ന ഭീമന്‍, ശരീരം കൊണ്ട് മാത്രം ആ കഥാപാത്രത്തെ അളന്നവരെ ഞെട്ടിച്ചു കളഞ്ഞു.
പുനരാഖ്യാനത്തിന് എംടി കൈവച്ച കഥാസന്ദര്‍ഭങ്ങളോരോന്നും അവയുടെ പൂര്‍വ രൂപങ്ങളെ മായ്ചു കളയാന്‍ മാത്രം ശക്തിയില്‍ തെളിഞ്ഞു നില്‍ക്കുന്നു. എംടി സമാനതകളില്ലാത്ത പൊളിച്ചെഴുത്തുകാരനെന്ന ഭീമരൂപിയാകുന്നു.