TOPICS COVERED

ഒറ്റയാവലിന് ഒരു പ്രത്യേകതയുണ്ട്. എല്ലാ ആൾക്കൂട്ടങ്ങളിൽ നിന്നും ഉൾവലിഞ്ഞ് അവനവനിലേക്ക്, ഹൃദയത്തിന്‍റെ എല്ലാ അലകളിലേക്കും ചുഴികളിലേക്കും സൂക്ഷ്മതയോടെ കാണാനുള്ള അകക്കണ്ണ് ഏകാകിയുടേതാണ്. എം ടിയെപ്പോലെത്തതന്നെ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും അങ്ങനെ ആൾക്കൂട്ടത്തിൽ ഒറ്റക്കിരുന്നവരാണ്. ഹൃദയസംഘർഷങ്ങളുടെ, ജീവിത സങ്കീർണതകളുടെ  താങ്ങാനാകാത്ത വ്യഥകളിൽ  അവനവനോടേറെയും മിണ്ടിയും പറഞ്ഞും മഹാമൗനങ്ങളുടെ കടലുകൾ കുടിച്ചുവറ്റിച്ചവരാണ്.

'നാലുകെട്ടി'ലെ അപ്പുണ്ണിയിലുണ്ട് ഏകാകിയായ,അപകർഷതാബോധങ്ങളിലും സ്വപ്നങ്ങൾ കണ്ടു വളർന്നൊരു ബാല്യം. നാലുകെട്ടിന്‍റെ ആൾക്കൂട്ട ബഹളങ്ങളിലും അവൻ ഒറ്റയ്ക്ക്‌ തന്നെയായിരുന്നു. സ്നേഹിക്കപ്പെടാൻ ആഗ്രഹിച്ചിട്ടും ജനിച്ച മണ്ണിലും ഉറ്റവർക്കിടയിലും തനിച്ചാക്കപ്പെട്ടവനാണ് 'അസുര വിത്തി'ലെ ഗോവിന്ദൻ കുട്ടി.ഒടുവിൽ മനുഷ്യർക്ക് ആവശ്യമില്ലെങ്കിലും ശവങ്ങൾക്ക് തന്നെ ആവശ്യമുണ്ടെന്ന തിരിച്ചറിവിലേക്കെത്തുന്നു അയാൾ.

'മഞ്ഞി'ലെ വിമല കാത്തിരിപ്പിന്‍റെ മൗനത്തിലായിരുന്നു. നിശ്ശബ്ദമെങ്കിലും അകമേ വാചാലമാണ് ഓർമകൾ. അവൾ മാത്രമല്ല ഏകാന്തതകളുടെയും സങ്കീർണതകളുടെയും മഞ്ഞ് പുതച്ച മനസ്സുകളാണ് അവിടെയെല്ലാം. ഒരിക്കലും വരാൻ ഇടയില്ലാത്തൊരാളെ കാത്തിരിക്കുന്ന വിമല, ആരെന്നറിയാത്ത അച്ഛനെ കാത്തിരിക്കുന്ന ബുദ്ദു, വിമലയ്ക്കൊപ്പം സായാഹ്‌നസവാരി കാത്തിരിക്കുന്ന വയസ്സൻ സർദാർജി, സഞ്ചാരികളെ കാത്തിരിക്കുന്ന നരച്ച താഴ്‌വര...ഒറ്റത്തുരുത്തുകളാണവരെല്ലാം. എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക

'കാലം കൂലംകുത്തി കടന്നുപോകും. എല്ലാം മാറും. സ്ഥലരാശികൾ, കാഴ്ചകൾ, അഭിരുചികൾ. മനുഷ്യമനസ്സ് പക്ഷേ, കുറ്റിയിൽ കെട്ടിയിട്ട തോണിപോലെത്തന്നെ. ഞാൻ എന്ന കുറ്റി..' – സേതുവും ആൾക്കൂട്ടത്തിൽ അലിയാൻ സാധിച്ചവനല്ല. അതുകൊണ്ടാണ് സേതുവിന് സേതുവിനോട് മാത്രമാണ് സ്നേഹമെന്ന് സുമിത്ര പറയുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി അവനവനെ മാത്രം സ്‌നേഹിക്കുന്നവനെന്ന സത്യം എം ടി യോളം എഴുത്തിലാക്കിയവർ ആരുണ്ട്?..കാൽപ്പനികതയുടെ ചമൽക്കാരങ്ങളേക്കാൾ ആസക്തിയുടെ വ്യാമോഹങ്ങളിലും നിരാസമായിരുന്നു എം ടി യുടെ മനുഷ്യരുടെ ഉള്ളടക്കം.

'രണ്ടാമൂഴ'ത്തിലെ  ഭീമനും ബന്ധങ്ങളിൽ തനിച്ചാക്കപ്പെട്ടവനാണ്.. പ്രണയത്തിൽ തിരസ്കൃതനാണ്..എവിടെയും രണ്ടാമൂഴക്കാരനായവനാണ്. ഒറ്റയാന്‍റെ അന്തര്‍സംഘര്‍ഷങ്ങളുടെ ഇതിഹാസമാണത്.

ലോകം മുഴുവൻ ചതിയനെന്ന് വിളിച്ച ചന്തു, ആൾക്കൂട്ടത്തിൽ മാറാതെ നിന്ന ഒരേയൊരു അമ്മുക്കുട്ടി, ആർക്കും മനസിലാകാത്ത അവനവനിടത്തിൽ ഒളിച്ചിരുന്ന 'അരണ്യക'ത്തിലെ അമ്മിണി..ഒറ്റയ്ക്കിരിക്കുമ്പോൾ, ഒറ്റയ്ക്ക് നടക്കുമ്പോൾ ഉള്ളിൽ 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' ഉണ്ടാകുന്നതറിയാം.അവിടെ ആരും കാണാത്ത ചില ഒറ്റയടിപ്പാതകളുണ്ട്. അവിടേക്കെത്തിച്ചേരാനായാൽ മനുഷ്യ മനസ്സുകളെ അത്രമേൽ അതിസൂക്ഷ്മമായി ഇഴകീറിയെടുത്ത എം ടി എന്ന മഹാമൗനിയെ കാണാം..അയാളിപ്പോഴും ആ ഒറ്റയടിപ്പാതയിലൂടെ നടക്കുന്നുണ്ട്.. അതേ,

"കടന്നുപോയവരുടെയെല്ലാം കാൽപാടുകളിൽ കരിഞ്ഞപുല്ലുകൾ നിർമിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു. പ്രിയപ്പെട്ടവരേ, തിരിച്ചുവരാൻവേണ്ടി യാത്ര ആരംഭിക്കുകയാണ്"