mt-movies

എഴുത്തിന്റെ തീക്ഷ്ണത സിനിമകളിലും പ്രകടമാക്കിയ അസാമാന്യപ്രതിഭയാണ് എംടി.... സൃഷ്ടിച്ച ചലച്ചിത്രങ്ങളിലൊക്കെയും എംടി എന്ന എഴുത്തുകാരന്‍റെ കയ്യൊപ്പുണ്ടായിരുന്നു. അംഗീകാരത്തിന്‍റെയും ആഘോഷത്തിന്‍റെയും സമന്വയമായിരുന്നു മലയാളത്തിന് എംടിക്കാലം.

പെയിന്‍റിങ് ബ്രഷിന് പകരം കയ്യിൽ കൊലക്കത്തി. നിറങ്ങളിൽനിന്ന് ഇറ്റിവീണത് ചോരച്ചുവപ്പ്. പ്രതികാരത്തിനുശേഷം തേടിയത് സംഗീതം. കണ്ണടയ്ക്കുമ്പോൾ മുന്നിൽ മാലാഖമാർ. സത്യനാഥൻ ഒരു അനുഭവമാകുന്നു. സദയം ഒരുദാഹരണം മാത്രം. മനുഷ്യന്‍റെ വിചിത്രയാത്രകളെ എംടി എഴുത്തിലെന്നപോലെ സിനിമയിലേക്കും പകർത്തി. 

എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം

മുറപ്പെണ്ണായിരുന്നു തുടക്കം. സ്നേഹത്തിന്‍റെ മുഖങ്ങൾ എന്ന സ്വന്തം കഥ തന്നെ തിരക്കഥയാക്കി. ആ യാത്രയിൽ ഇരുട്ടിന്റെ ആത്മാവും അസുരവിത്തും ഓളവും തീരവും പിന്നാലെ. പള്ളിവാളും കാൽച്ചിലമ്പും സിനിമയാക്കാൻ മറ്റൊരാളെ അന്വേഷിച്ചില്ല എംടി. 1973ൽ നിർമാല്യം പിറന്നു, എംടി എന്ന സംവിധായകനും. വിശ്വാസവഴികളിൽ നിർമാല്യം പുതിയ കാലത്തോടും പലതും ചോദിച്ചുകൊണ്ടിരിക്കുന്നു.

എഴുത്തുകാരനിൽനിന്ന് ചലച്ചിത്രകാരനിലേക്കുള്ള പരിണാമത്തിൽ പ്രതിഭയുടെ തരിമ്പും ചോർന്നുപോയില്ല. അതിന് ഉദാഹരണമായി പറയാൻ 'ഒരു സിനിമയല്ല', ചെയ്ത സിനിമകളൊക്കെയും മലയാളിക്കുമുന്നിലുണ്ട്. ഉറച്ചുപോയ പലതിനെയും എംടി പേന കൊണ്ടിളക്കി. ചതിയൻ ചന്തുവിനെ പുനർവായിച്ച ഒരു വടക്കൻ വീരഗാഥ അതിൽമുന്നിൽനിൽക്കുന്നു. മനുഷ്യന്റെ വിചാരപരിസരങ്ങളെ പെരുന്തച്ചനിലൂടെ എംടി പങ്കുവച്ചപ്പോൾ അത് മറ്റൊരു ഗാഥയായി.  ജീവിതമെന്ന വലിയ നുണ, മരണമെന്ന വലിയ സത്യം എന്നായിരുന്നു സുകൃതം സിനിമയുടെ പരസ്യവാചകം. അതിനപ്പുറം ജീവിതത്തെ എങ്ങനെ എഴുതിവയ്ക്കും ?

രണ്ടായിരത്തിന്‍റെ തുടക്കത്തിൽ മലയാളി ജീവിതത്തോട് എംടി സഗൗരവം പറഞ്ഞ കഥയായിരുന്നു ഒരു ചെറുപുഞ്ചിരി. വാർധ്യകാലത്ത് കൃഷ്ണകുറുപ്പും അമ്മാളുക്കുട്ടിയും ജീവിതം ആഘോഷമാക്കുന്ന കാഴ്ച. മരണം ഒന്നിന്‍റെയും അവസാനമല്ലെന്ന് എംടി ഓർമിപ്പിച്ചു. എഴുതിവച്ച തിരക്കഥകളിലൊക്കെയും എഴുത്തുകാരന്‍റെ ദീർഘവീക്ഷണമുണ്ടായിരുന്നു.

ഏതുസംവിധായകനും കൊതിച്ചു, എംടി തിരക്കഥയിൽ ഒരു സിനിമ. അടുത്തിടെയെത്തിയ മനോരഥങ്ങൾ പിറവിയെടുത്തത് എംടിയുടെ ഒൻപതുകഥകളിൽനിന്നായിരുന്നു. എംടി ജീവിതത്തിന്റെ കടവ് കടന്ന് യാത്രയാകുമ്പോൾ  ഒരു കാത്തിരിപ്പിന്‍റെ കഥ കൂടി ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്. രണ്ടാമൂഴമെന്ന സിനിമ  ഇനിയെങ്ങനെ ?  ഭീമപർവത്തിന് സാക്ഷ്യം വഹിക്കാൻ, എംടിയെ ഒന്നുകൂടി അനുഭവിക്കാൻ കൊതിക്കാത്ത മലയാളിയുണ്ടോ ? മഞ്ഞിലെ കഥാപാത്രത്തെ പോലെ നീണ്ടുകിടന്ന വളഞ്ഞ വഴിത്താരയിലേക്ക് നോക്കി പ്രേക്ഷകൻ മെല്ലെ പറയുന്നുണ്ട്, വരും വരാതിരിക്കില്ല....