ഓര്‍മവച്ച നാളുമുതല്‍ കണ്ട മനുഷ്യരും അവരുടെ ജീവിതപരിസരവുമാണ് എം.ടി. വാസുദേവന്‍ നായരുടെ കഥാപാത്രങ്ങളുടെ ആത്മാവ്. ജ്ഞാനപീഠ പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം തന്നെ പറഞ്ഞു, എന്റെ മണ്ണിനും എന്റെ കാലാവസ്ഥയ്ക്കും ഇണങ്ങിയ വിത്തുകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ എന്നിലെ കൃഷിക്കാരന്റെ കാലാകാലങ്ങളായുള്ള നാട്ടറിവ് എന്നെ പ്രേരിപ്പിക്കുന്നു. ഈ നാട്ടറിവ് തന്നെയാണ് എം.ടിയുടെ സിനിമകളിലും നിറയുന്നത്.
എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം
ജ്ഞാനപീഠത്തില്‍ എം.ടിയ്ക്കുമുന്നേ ഇരുന്ന എസ്.കെ. പൊറ്റെക്കാട്ടിന്റെ കടത്തുതോണി എന്ന ചെറുകഥയാണ് എം.ടി തിരക്കഥയെഴുതി സിനിമയാക്കിയയത്.1991 ല്‍. മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള ദേശീയ–സംസ്ഥാന ചലച്ചിത്രപുരസ്കാരം ഉള്‍പ്പടെ ബഹുമതികള്‍ ഈ കടവിനുകൂടി അര്‍ഹതപ്പെട്ടതാകുന്നു.
നീലത്താമര എന്ന ചിത്രത്തിന് കഥാപരിസരമായത് മലമക്കാവ് ശാസ്താക്ഷേത്രവും അതിന് മുന്നില്‍ നീലത്താമര വിരിയുന്ന കുളവുമാണ്. എം.ടി പഠിച്ച മലമക്കാവ് സ്കൂളിനോട് ചേര്‍ന്നാണ് ക്ഷേത്രവും കുളവും. എം.ടി സംവിധാനം ചെയ്ത മലയാള സിനിയിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന നിര്‍മാല്യവും ഈ ഭൂമികയില്‍ തന്നെയാണ് ജനിച്ചത്.
കൂടല്ലൂരിന് അകലെയല്ലാത്ത മൂക്കുതല എന്ന ഗ്രാമത്തില്‍ വെളിച്ചപ്പാടായി പകര്‍ന്നാടാന്‍ പി.ജെ. ആന്റണിക്ക് കണ്ണാടിയായത് മൂക്കുതലയ്ക്കടുത്തുള്ള കുളങ്കര ഭഗവതിക്ഷേത്രത്തിലെ പേരുകേട്ട വെളിച്ചപ്പാടായ ശുകപുരം കാട്ടിനാട്ടിൽ ഗോപാലൻ നായരായിരുന്നു. അരമണിചുറ്റി പള്ളിവാളേന്തി ഉറഞ്ഞുതുള്ളുന്ന ഗോപാലൻ നായരുടെ ഓരോ ചുവടുകളും അദ്ദേഹം ഹൃദിസ്ഥമാക്കി. ഗോപാലൻ നായരുടെ അരമണിയും ചിലമ്പുമാണ് സിനിമയിൽ ആന്റണി അണിഞ്ഞിരുന്നത്.
നിര്‍മാല്യം പോലൊരുസിനിമ ഇന്നെടുക്കാന്‍ കഴിയുമോ ? സംശയമാണ്. എം.ടി സംവിധാനം ചെയ്ത ബന്ധനം , തിരക്കയൊരുക്കിയ പെരുന്തച്ചന്‍, സുകൃതം അങ്ങനെ കൂടല്ലൂരും നിളാതീരവും പല സിനിമകളിലും മായാമുദ്രകളായി മാറി.
സുരേഷ് വിശ്വത്തോടൊപ്പം എന്‍.കെ ഗിരീഷ്