കുഞ്ഞുകൂട്ടുകാരെ നേരിന്‍റെ പാതയിലൂടെ നയിക്കുന്ന, നാളെയെ നിർണ്ണയിക്കാൻ അവരെ പ്രാപ്തമാക്കുന്ന ബാലസംഘത്തിന്റെ പ്രയാണങ്ങൾക്ക് 86 വയസ്സാവുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളുടെ നിലവിളി നമ്മളെയാകെ പൊള്ളിക്കുന്നത് പോലെ, ലോകത്തെവിടെയുമുള്ള കുഞ്ഞുങ്ങളുടെ പ്രതിരോധം നമ്മളെ ആവേശഭരിതരുമാക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കല്യാശേരിയിൽ എട്ടരപ്പതിറ്റാണ്ടുകൾക്ക് മുമ്പ്, സ്വാതന്ത്ര്യ സമരകാലത്തിന്റെ വീറുറ്റ പോരാട്ടഭൂമികയിൽ പിറന്നുവീണ ഈ വലിയ പ്രസ്ഥാനം മുമ്പ് എന്നെത്തെക്കാളും പ്രസക്തമാകുന്ന സമയമാണിത്. ഇതരമത വിദ്വേഷത്തിന്റെയും വർഗീയതയുടെയും ശാസ്ത്രവിരുദ്ധതയുടെയും കെട്ടകാലം നമ്മുടെ കുഞ്ഞുങ്ങളെയാണ് ആദ്യം ലക്ഷ്യമിടുന്നത്. 

അതിനെല്ലാം തടയിടാൻ പുതുതലമുറയിൽ ശാസ്ത്രബോധവും ചരിത്രബോധവും സാഹോദര്യവും വളർത്തുന്ന സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് ചുക്കാൻപിടിക്കുന്ന സംഘടനയെന്ന നിലയിൽ കൂടുതൽ കൂടുതൽ ഊർജസ്വലമായി കൂട്ടുകാർ മുന്നേറണം. മനുഷ്യരായിത്തീരുക എന്ന മഹത്തായ സാംസ്കാരിക മുദ്രാവാക്യത്തെ ഉയർത്തിപ്പിടിക്കുവാൻ പ്രിയ കൂട്ടുകാരെ നിങ്ങളെപ്പോലെ മറ്റാർക്കാണ് സാധിക്കുക. - അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

MV Govindan fb post about Balasangam