സിനിമ, സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകൻ മനോജ്. വിളിച്ചിട്ടും  2 ദിവസമായി ദിലീപ് ശങ്കർ ഫോണെടുത്തില്ലെന്നും പുള്ളിക്ക് ഫോണെടുക്കാത്ത ഒരു പതിവുണ്ടായിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

'എന്റെ സീരിയലിന്റെ വർക്കുമായി ബന്ധപ്പെട്ടാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്തെത്തിയത്. നമ്മൾ വിളിച്ചാലും ഇടക്ക് പുള്ളിക്ക് ഫോണെടുക്കാത്ത ഒരു പതിവുണ്ട്. വിളിച്ചിട്ട് എടുക്കാത്തതോടെ സീരിയലിന്റെ കൺട്രോളർ നേരിട്ടെത്തി വന്ന് സംസാരിക്കാൻ നോക്കുമ്പോഴാണ് മരണവിവരം അറിയുന്നത്. ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു പുള്ളിക്ക്. ഇടയ്ക്ക് ചികിത്സ മുടക്കാറുമുണ്ടായിരുന്നു'. - മനോജ് വ്യക്തമാക്കുന്നു. 

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ചാപ്പ കുരിശ് , നോർത്ത് 24 കാതം, ഏഴ് സുന്ദര രാത്രികൾ, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ENGLISH SUMMARY: