എം. ടി യുടെ ഓർമകളെ അമൂല്യമായ് കാത്തു സൂക്ഷിക്കുകയാണ് പാലക്കാട് വിക്ടോറിയ കോളേജ്. എഴുത്തുകൾക്ക് ആഴത്തിൽ വേര് പടരാൻ ഇടം പകർന്ന കോളേജിനെ അമ്മയെന്നാണ് എം ടിയും വിശേഷിപ്പിച്ചിരുന്നത്.
എം. ടി യെന്ന യുഗാരംഭത്തിന് വേദിയായ കലാലയം, പാലക്കാട് വിക്ടോറിയ കോളേജ്. മാടത്തു തെക്കേപ്പാട്ട് വീട്ടിൽ വാസുദേവൻ നായർ, വിക്ടോറിയയിൽ എത്തുമ്പോൾ ഇതായിരുന്നു കൂടല്ലൂര്കാരനായ ആ പഴയ 19 കാരന്റെ മേൽവിലാസം...പിന്നെയത് എം ടി എന്ന രണ്ടക്ഷരമായി മാറിയത് ചരിത്രം.... വിക്ടോറിയയിൽ എത്തിയത് രസതന്ത്രം പഠിക്കാൻ. വായനയും സിനിമയും സജീവമായത് ആക്കാലത്താണ്. ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കോളേജിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാരാധക സംഘത്തിന്റെ നേതൃത്വത്തിൽ ഉദയ പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. നിറം കെട്ട ബാല്യത്തിന്റെ ദുരിതങ്ങളും കൗമാരത്തിന്റെ അടക്കിപ്പിടിച്ച രോഷവും എം ടി യുടെ തൂലികയിൽ അന്നേ നിഴലിച്ചിരുന്നു.
തിളയ്ക്കുന്ന യുവത്വത്തിൽ എം ടി യുടെ ആദ്യ പോരാട്ടവും വിക്ടോറിയയിൽ ആയിരുന്നു. നോൺ വെജ് മെസിനായി ആദ്യ സമരം. മൂന്നു ദിവസങ്ങൾക്കിപ്പുറം സമരം ഫലം കണ്ടു.. അന്ന് വരെ സസ്യാഹാരം മാത്രം വിളമ്പിയിരുന്ന ഹോസ്റ്റൽ മെസ്സിൽ നോൺവെജും ഇടം പിടിച്ചു. "വിക്ടോറിയ കോളേജിൽ ലക്ചറർ ആവണമെന്ന് എന്റെ വലിയ ആഗ്രഹമായിരുന്നു, അത് നടന്നില്ല "ഈ മഹാക്ഷേത്രം എന്റെ അമ്മയാണ് അമ്മയോടുള്ള കടം അക്ഷരം കൊണ്ട് വീട്ടുമെന്നാണ് ഞാൻ കരുതുന്നത്.. ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം 1996 മാർച്ച് 16 ന് വിക്ടോറിയ കോളേജിൽ എത്തിയ പ്രിയ എഴുത്തുകാരന്റെ പ്രസംഗിത്തിലെ വരികളാണിത്..... ഈ വരികൾ അക്ഷരാർത്ഥത്തിൽ പാലിച്ചാണ് ആ മഹാപ്രതിഭയുടെ മടക്കം.....വിക്ടോറിയ ആകുന്ന അമ്മയോടുള്ള കടം മകൻ അക്ഷരങ്ങൾ കൊണ്ട് വീട്ടി.