അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥ കാരണം ബുദ്ധിമുട്ടിയ 14 കാരിക്ക് തുണയായി ആരോഗ്യ പ്രവര്‍ത്തകര്‍. സാക്രല്‍ എജെനെസിസ് കാരണമാണ് അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥ ഉണ്ടായിരുന്നത്. നട്ടെല്ലിലെ താഴ് ഭാഗത്തെ എല്ല് പൂര്‍ണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികള്‍ വളര്‍ച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒരു അപൂര്‍വ്വ അവസ്ഥയാണ് ഈ രോഗം.സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കിടെയാണ് ആര്‍ബിഎസ്‌കെ നഴ്സ് ലീനാ തോമസ് കുട്ടിയുടെ അവസ്ഥ കണ്ടെത്തിയത്. ലക്ഷങ്ങൾ ചെലവു വരുന്ന സങ്കീർണമായ ഒരു ശസ്ത്രക്രിയ നടത്തിയാൽ കുട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്താമെന്ന് ഡോക്ടർമാർ വിലയിരുത്തി. ഇപ്പോൾ സർക്കാർ പദ്ധതികളിലൂടെ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി പെൺകുട്ടിക്ക് സാധാരണ ജീവിതം തിരികെപ്പിടിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് മന്ത്രി വീണാ ജോർജ്.

കുറിപ്പ്

ഇന്ന് ആ മകളുടെ പുഞ്ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആ 14 വയസുകാരിയ്ക്ക് സാധാരണ ജീവിതം ലഭിച്ചത്. സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കിടെയാണ് ആര്‍ബിഎസ്‌കെ നഴ്‌സ് ലീനാ തോമസ് അവളുടെ അവസ്ഥ കണ്ടെത്തിയത്. അറിയാതെ മലവും മൂത്രവും പോകുന്നത് മൂലം ദിവസവും അഞ്ചും ആറും ഡയപ്പറുകളാണ് മാറിമാറി അവള്‍ ധരിക്കേണ്ടിയിരുന്നത്. സാക്രല്‍ എജെനെസിസ് കാരണമാണ് അറിയാതെ മലവും മൂത്രവും പോകുന്ന അവസ്ഥ ഉണ്ടായിരുന്നത്. ലക്ഷങ്ങള്‍ ചെലവുവരുന്ന സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയാല്‍ ഈ മകള്‍ക്ക് സാധാരണ ജീവിതം നയിക്കാനാകുമെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഈ ശസ്ത്രകിയ വിജയകരമായി നടത്തി. സ്വകാര്യ ആശുപത്രികളില്‍ 5 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് നടത്തിയത്.ആര്‍.ബി.എസ്.കെ. നഴ്‌സ് ലീനാ തോമസ്, ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ആശാ പ്രവര്‍ത്തക ഗീതാമ്മ, ഡി.ഇ.ഐ.സി. മാനേജര്‍ അരുണ്‍കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ടീം തുടങ്ങിയ മുഴുവന്‍ പേരേയും അഭിനന്ദിക്കുന്നു. ഇതിന് നേതൃത്വം നല്‍കിയ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ ഇന്ന് ഈ കുട്ടിയെ സന്ദര്‍ശിച്ചു. അപ്പോഴാണ് വീഡിയോ കോളിലൂടെ ആ മകളുമായി സംസാരിച്ചത്.സ്‌കൂള്‍ ആരോഗ്യ പരിപാടി നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതിന് സവിശേഷ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ജനകീയ പങ്കാളിത്തത്തോടെയും വിപുലമായ പ്രവര്‍ത്തനങ്ങളോടെയുമുള്ള സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ ഔപചാരിക സംസ്ഥാനതല ഉദ്ഘാടനം വൈകാതെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ENGLISH SUMMARY:

A school health checkup in Kerala's Pathanamthitta district identified a young girl with sacral agenesis, a rare congenital disorder affecting the lower spine. Health Minister Veena George highlighted this case in a Facebook post, emphasizing the importance of school health programs in early detection of such conditions.