കൊച്ചിയിലെ കൗതുകങ്ങൾ നേരിട്ടറിഞ്ഞ് പാലക്കാട് പട്ടഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മെട്രോയും, കായൽ യാത്രയുമെല്ലാം സാധാരണക്കാരായ തൊഴിലാളികൾക്ക് പുതിയ അനുഭവമായിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് വിനോദവും, വിഞ്ജാനവും നിറഞ്ഞ യാത്ര സംഘടിപ്പിച്ചത്.
സ്വന്തം നാട് വിട്ട് മറ്റൊരിടത്തേയ്ക്കും അധികം യാത്ര ചെയ്തിട്ടില്ലാത്ത സാധാരണക്കാരായ അമ്മമാർക്ക് വിസ്മയ കാഴ്ചയായിരുന്നു. കടൽ കണ്ട്, കായലും, കരയിലെ കൗതുകങ്ങളും കണ്ടുള്ള മടക്കം. ഹരിതഗ്രാമ്യം 2025 എന്ന പേരിൽ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തും വി ട്രാവൽ ആന്‍ഡ് നാച്വുറല്‍ ക്ലബ്ബും, തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ യാത്രയുടെ ഭാഗമായി. പുതുക്കാട് കുറുമാലിക്കാവ് ക്ഷേത്രം, ആലുവയിൽ നിന്നും ഇടപ്പള്ളിയിലേക്ക് മെട്രോ യാത്ര, വാണിജ്യ വ്യവസായ കേന്ദ്രങ്ങളിലെ സന്ദർശനം, തൃപ്പുണ്ണിത്തുറയിലെ കൊച്ചി രാജവംശത്തിൻ്റെ ചരിത്രം പറയുന്ന ഹിൽ പാലസും മ്യൂസിയവും, കൊച്ചിക്കായലിൽ മറൈൻ ഡ്രൈവിൽ നിന്നും ബോട്ട് യാത്രയിലൂടെ കായല്‍ സൗന്ദര്യം ആസ്വദിച്ച്, പുതുവെയ്പ് കടലിൽ ബീച്ച് ഫെസ്റ്റും ബൈക്ക് റൈസും കണ്ട് മനസ് നിറച്ചാണ് ജീവിതത്തിൽ ആദ്യമായി തൊഴിലാളികൾ ഇത്രയേറെ ആസ്വാദ്യകരമായി യാത്ര നടത്തിയത്. പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷ ൻ പി.എസ്.ശിവദാസിൻ്റെ നേതൃത്വത്തിലായിരുന്നു തൊഴിലുറപ്പ് തൊഴിലാളികളുടെ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തിയാക്കാനുള്ള ശ്രമമുണ്ടായത്.