വീട്ടില്‍ വളര്‍ത്തുന്ന മുന്തിയ ഇനം നായകളെ കൊല്ലം ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡാഷ് ഹണ്ട് ഇനത്തില്‍പ്പെട്ട നായ്ക്കളെയാണ് ഉടമ ബീച്ചില്‍ കൊണ്ടുവന്നു തള്ളിയത്. രാവിലെ അഞ്ചരയോടെ ബീച്ചിൽ മോണിങ് വാക്കിനെത്തിയവരാണ് ബീച്ചിന് സമീപത്തായി ഒരു തൂണിൽ കെട്ടിയിട്ടിരിക്കുന്ന നിലയില്‍ മുന്തിയ ഇനം നായ്ക്കളെ ആദ്യം കണ്ടത്. 

അങ്ങനെ നടക്കാനിറങ്ങിയവര്‍ അടുത്തുള്ള കടക്കാരെയും നാട്ടുകാരെയും വിവരം അറിയിച്ചു. പത്തുമണിവരെ ആയിട്ടും നായ്ക്കളെ അന്വേഷിച്ച് ആരും വരാത്തതോടെ കടക്കാരും നാട്ടുകാരും ചേര്‍ന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് ഫോണ്‍ ചെയ്തു. 

കെട്ടിയിട്ടിരുന്നതിനാല്‍ നായ്ക്കള്‍ വെയിലേറ്റ് അവശരായിരുന്നു. തുടര്‍ന്ന് ചീഫ് വെറ്ററിനറി ഓഫീസറുടെ നിർദ്ദേശം അനുസരിച്ച്  ആംബുലൻസെത്തിച്ചാണ് നായ്ക്കളെ വെറ്ററിനറി കേന്ദ്രത്തിലേക്ക് മാറ്റിയത്. അവശരായ നായ്ക്കൾക്ക് ഡ്രിപ്പ് നൽകി. 

ഇപ്പോള്‍ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് നായ്ക്കളുള്ളത്. ഇതുവരെ ഇവറ്റകളെ തേടി അവകാശികളാരും എത്തിയിട്ടില്ല. ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വെറ്ററിനറി കേന്ദ്രം അധികൃതര്‍. പരാതി ലഭിച്ചാൽ ജന്തുദ്രോഹ നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും അവര്‍ അറിയിച്ചു.  

ഒരിനം വേട്ട നായയാണ് ഡാഷ്ഹണ്ട്. ഇവയുടെ ജന്മദേശം ജർമനിയാണ്. മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇരയെ കണ്ടെത്തി പിടികൂടുന്നതിന് അതിസമർഥരാണ് ഈ നായ്ക്കൾ. ഇരയുടെ സാന്നിധ്യം ഗന്ധം കൊണ്ട് മനസ്സിലാക്കാൻ അസാമാന്യമായ കഴിവുള്ളതിനാൽ ഇവയെ വേട്ടനായ്ക്കളായി ഉപയോഗിക്കുന്നുണ്ട്. 

ENGLISH SUMMARY:

Dachshund dogs rescued on kollam beach