സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് സീരിയല്‍ സിനിമാ പ്രേക്ഷകര്‍ കേട്ടത്. മിനിസ്ക്രീന്‍ രംഗത്തുമാത്രമല്ല സോഷ്യല്‍മീഡിയയിലും വളരെ സജീവമായിരുന്നു ദിലീപ്. ദിലീപിന് സംഭവിച്ച അകാലവിയോഗത്തെക്കുറിച്ച് ഇന്‍സ്റ്റ പോസ്റ്റുമായെത്തിയിരിക്കുകയാണ് ഷാജു ശ്രീധര്‍. 

ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകകയും നമ്മൾ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബർ 26 ന് നിന്റെ കോള്‍ വന്നപ്പോൾ ഞാൻ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രക്കാണ് നീ പോകുന്നത് എന്ന്... വിശ്വസിക്കാൻ പറ്റാത്ത വിയോഗം – അദ്ദേഹം ഇന്‍സ്റ്റയില്‍ കുറിച്ചു. 

അസാധ്യ കഴിവുള്ള നടനായിരുന്നു ദിലീപ് ശങ്കറെന്ന് സഹപ്രവര്‍ത്തകയും നടിയുമായ സീമ ജി നായറും അനുസ്മരിച്ചു. ‘ദിലീപിന്റെ ശബ്ദവും ഭംഗിയും എല്ലാം ഒരു നടനെ പ്രേക്ഷകരിലേക്ക് ആകര്‍ഷിപ്പിക്കുന്നവയായിരുന്നു. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി അവന്റെ ദിനചര്യകളിലൊക്കെ വലിയമാറ്റം വന്നിരുന്നു. ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജീവിതമായിരുന്നു ദിലീപ് ശങ്കറിന്റേതെന്നും സീമ ജി നായര്‍ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെല്ലാം ഇക്കാര്യത്തില്‍ പലതവണ ദിലീപിനെ ഉപദേശിച്ചിട്ടുണ്ട്. അടുപ്പിച്ചൊരു മൂന്നുവര്‍ഷത്തോളം ദിലീപിനൊപ്പം ‘സുന്ദരി’ എന്ന സീരിയലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യകരമായ കാര്യങ്ങളൊന്നും ശ്രദ്ധിക്കില്ല. അത്രത്തോളം ഒപ്പംനിന്ന് എല്ലാവരും പറഞ്ഞു, ജീവിതം ഗൗരവമായെടുത്തില്ല ദിലീപ് , സില്ലിയായി കണ്ടു. 

അഞ്ചുദിവസം മുന്‍പ് രാത്രി ഏതാണ്ട് പത്തരയായി കാണും , ദിലീപ് വിളിച്ചു, തലവേദന കാരണം വിശ്രമിക്കുകയായിരുന്നതിനാലും വിളിക്കുന്നത് മദ്യപിച്ചായിരിക്കും എന്നതുകൊണ്ടും ഫോണെടുത്ത് നാളെ വിളിക്കാം എന്നു പറഞ്ഞു , എന്താ ഇപ്പോള്‍ സംസാരിക്കാന്‍ പറ്റില്ലേയെന്ന് ദിലീപ് തിരിച്ചുചോദിച്ചെന്നും നാളെവിളിക്കാമെന്നു പറഞ്ഞെന്നും സീമ പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ദിലീപിന്റെ മരണം അറിഞ്ഞതെന്നും സീമ പറയുന്നു. ഒന്നിച്ചുപ്രവര്‍ത്തിച്ചവരെല്ലാം വേദനയിലാണ്, പെട്ടെന്ന് അവനെ ഈശ്വരന്‍ വന്നുകൊണ്ടുപോയതല്ല, അവന്‍ എന്നെ കൊണ്ടുപോയ്ക്കോ എന്ന് അങ്ങോട്ട് പറഞ്ഞാണ് പോയതെന്നും സഹപ്രവ‍ര്‍ത്തകര്‍ പറയുന്നു. 

അസാമാന്യ മദ്യപാനമായിരുന്നെന്ന് പല റിപ്പോര്‍ട്ടുകളും ദിലീപിന്റെ മരണത്തിനു പിന്നാലേ വന്നിരുന്നു. ഒരു രക്ഷയുമില്ലാത്ത മദ്യപാനമായിരുന്നെന്ന് മറ്റ് സഹപ്രവര്‍ത്തകരും പറയുന്നു.

ENGLISH SUMMARY:

Shajusreedhar instagram post about dileep shankar