പാലക്കാടന്‍ ചൂടിലെങ്ങനെ ശീതകാല പച്ചക്കറികള്‍ വിളയും. അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് പാലക്കാട് ഇടക്കുറുശ്ശി സ്വദേശിനി ജയപ്രീതയുടെ വീടിന്‍റെ മട്ടുപ്പാവിലെ കാഴ്ച. പഴവും, പച്ചക്കറിയും, ഔഷധസസ്യങ്ങളും വെയിലേറ്റ് വാടാതെയുമുള്ള നൂറുമേനി വിളനല്‍കുന്ന മട്ടിലുള്ള മാതൃക കൃഷിരീതി.
കാബേജ്, കോളിഫ്ളവര്‍, തക്കാളി, ചേന, ചേമ്പ്, വ്യത്യസ്തയിനം ഇഞ്ചി, കരിമ്പ്, വയമ്പ്, ചോളം, മാങ്ങയും പിന്നെ ചക്കയും. ഏക്കര്‍ക്കണക്കിന് കൃഷിയിടത്തിലാണ് ഈ വിളകളെന്ന് കരുതരുത്. അതിനെക്കാള്‍ സമൃദ്ധിയോടെ വളരുന്നത് ഇടക്കുറുശ്ശി കപ്പടത്തെ ജയപ്രീതയുടെ വീടിന് മുകളിലെ മട്ടുപ്പാവിലാണ്. 1600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടെറസില്‍ ഒരിഞ്ചുപോലും ഉപയോഗശൂന്യമായ ഇടമില്ല. പാലക്കാടന്‍ ചൂടിനെയെല്ലാം പ്രതിരോധിച്ച് മികച്ച വിളവ് നേടി വിജയഗാഥ തുടരുന്ന ജയപ്രീത. കഠിനാധ്വാനത്തിനൊപ്പം നിരന്തര പരീക്ഷണവും കൃഷിയുടെ പുതിയ പാഠങ്ങള്‍ അറിയാനുള്ള താല്‍പര്യവും വിളവേറാന്‍ വഴിയൊരുക്കി.
ജൈവ കൃഷിരീതിയില്‍ മാത്രമാണ് പരീക്ഷണം. പ്രാണികളെത്തിയാല്‍ അതിനെ കുടുക്കാനുള്ള സസ്യങ്ങളും മട്ടുപ്പാവില്‍ കാവലുണ്ട്. മധുരചേമ്പ് ടെറസിൽ ഉൽപാദിപ്പിച്ചത് പരിഗണിച്ച് ടൈം വേൾഡ് റെക്കോർഡും ജയപ്രീതയ്ക്ക് ലഭിച്ചു. രാവിലെയും വൈകീട്ടും മുടങ്ങാതെയുള്ള കൃഷിപരിപാലനം. മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച വിത്തിനങ്ങള്‍ നല്‍കുമ്പോഴുള്ള സന്തോഷം ഇതൊക്കെയാണ് ജയപ്രീതയുടെ ഊര്‍ജം.