കലോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ ദുരന്തമുഖത്തെ കരുത്തുമായി വയനാട് വെള്ളാർമല സ്കൂളിലെ കുട്ടികൾ. ഉരുൾപൊട്ടലിന്‍റെ തീവ്രത വിഷയമാക്കിയ സംഘനൃത്തം അതിജീവനത്തിന്‍റെ കഥ പറച്ചിൽ കൂടിയായി.
ഉരുളെടുത്ത രാത്രിക്ക് പിന്നാലെയാണ് ഈ സ്കൂൾ മുറ്റത്ത് നമ്മളിങ്ങനെ വന്നുനിന്നത്. മുറുകെ പിടിച്ചിട്ടും കൂട്ടത്തിൽ നിന്ന് തെറിച്ചു പോയ കുഞ്ഞുങ്ങൾ ആയിരുന്നു കണ്ണുനിറയെ. ചെളിപുതഞ്ഞ ചിത്രപുസ്തകങ്ങൾ വാരിയെടുക്കാൻ നമ്മളും കൂടി. അങ്ങനെ വെള്ളാർമല സ്കൂളിൽ പഠിച്ചില്ലെങ്കിലും നമ്മൾ അവിടത്തെ പൂർവവിദ്യാർത്ഥികളായി.
അവർക്കുവേണ്ടി അന്ന് നമ്മൾ ഓടിയെത്തിയത് പോലെ, ഇന്ന് നമുക്ക് വേണ്ടി അവരെത്തി. അതിജീവനത്തിന്‍റെ കഥ പറയാൻ... എല്ലാ ദുരിതകാലവും ഇതുപോലെ കടന്നുപോകുമെന്ന് വെള്ളാർമല സ്കൂളിന്‍റെ യൂണിഫോമിലെത്തി അവർ വിളിച്ചുപറഞ്ഞു. മുടി ഇരുവശത്തും പിന്നിയിട്ട്, നിറയെ മുല്ലപ്പൂ ചൂടി വേദിയിൽ നിന്നത് 7 പേർ മാത്രം. പക്ഷേ, നമ്മൾ കണ്ടതോ? ജൂലൈ 30 ചൊവ്വാഴ്ച രാവിലെ, പുന്നപ്പുഴയ്‌ക്കരികെയുള്ള സ്കൂൾ ഗ്രൗണ്ടിൽ അസംബ്ലിക്കായി അണിനിരന്ന മുഴുവൻ കുട്ടികളെയും. വേദിയിൽ എത്ര അദൃശ്യരായി നിന്നാലും, നിങ്ങൾ ഓരോരുത്തരെയും ഞങ്ങൾ കണ്ടു കണ്ടുകഴിഞ്ഞു. എവിടെയായാലും, സുഖമായിരിക്ക്.
വെള്ളാർമലയ്ക്ക് വേണ്ടി കൂടെ കരഞ്ഞു കാണികളും. ഇരുൾ എടുത്തു പോയ കൂട്ടുകാരുടെയും കൂടി സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരേ, ഇതിലും വലിയൊരു കരുത്ത് ജീവിതത്തിൽ നിങ്ങൾക്കിനി കാണിക്കാൻ ഇല്ല. എത്രയും പ്രിയപ്പെട്ട മക്കളെ, നിങ്ങൾ ഇന്ന് വന്നു നിന്നത് നിങ്ങളെക്കാൾ കൂടുതൽ ഞങ്ങൾക്ക് വേണ്ടിയായിരുന്നു. വെള്ളാർ മലയുടെ വെള്ളിപ്പതക്കങ്ങളേ, കലാകേരളത്തിന്‍റെ സ്വർണ്ണ പതക്കങ്ങളേ, ഓരോ ദുരന്തമുഖത്തെയും അതിജീവിക്കാൻ നിങ്ങളുടെ കഥകൾ മതി, ഞങ്ങൾക്ക്. ഈ ചിരിക്കുന്ന മുഖങ്ങൾ മാത്രം മതിയാകും, ഞങ്ങൾക്ക്.