അപേക്ഷ നല്‍കി കാത്തിരിക്കുന്ന സമയം ഇഞ്ചിച്ചായയും, പായസവും, ഐസ്ക്രീമും കിട്ടിയാലോ. ആവലാതിക്ക് പരിഹാരം കാണും മുന്‍പ് തന്നെ ആശ്വാസമാവുന്ന ഇടപെടല്‍. പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തിലാണ് പ്രസിഡന്‍റ് സ്വന്തം ഓണറേറിയം ഉപയോഗിച്ച് സ്നേഹമധുരം പദ്ധതി നടപ്പാക്കുന്നത്.
തിളച്ച് പൊന്തുന്ന ചായ ചിരിവരുന്നതിന് മുന്‍പുള്ള ചൂടകറ്റാനാണ്. ഊതിക്കുടിച്ച് വീണ്ടും കസേരയില്‍ ചായുന്നതിനിടയില്‍ അപേക്ഷയില്‍ തീര്‍പ്പുണ്ടാവും. ഇടപാടിനായി രസീത് വാങ്ങുന്നവര്‍ക്കെല്ലാം സ്നേഹമധുരം നുണയാനുള്ള സൗകര്യമുണ്ട്. സ്വാദും സന്തോഷവും നിറച്ച് സാധാരണക്കാരെ തൃപ്തിയോടെ മടക്കിവിടാനാണ് തീരുമാനം. പഞ്ചായത്ത് അധ്യക്ഷന്‍ കെ.എം.ഹനീഫയുടെ ഓണറേറിയം ഉപയോഗിച്ചാണ് സ്നേഹമധുരം നടപ്പാക്കുന്നത്. ആഴ്തയില്‍ നാലുദിവസം നാലു രുചികളുള്ള ഇഞ്ചി, നാരങ്ങ, പൈനാപ്പിള്‍, ഗ്രീന്‍ ചായ എന്നിവയാണ് നല്‍കുക. മറ്റ് രണ്ട് ദിവസങ്ങളില്‍ പായസവും, ഐസ്ക്രീമും നല്‍കും. ഈ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കും വരെ തുടരും. ചിട്ടയോടെ നടപ്പാക്കാന്‍ പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. യു.ഡി.എഫ് ഭരണസമിതിയുള്ള പഞ്ചായത്തിലെ ജനക്ഷേമ പദ്ധതി കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. കരിമ്പുഴ പഞ്ചായത്തിലെത്തിയാല്‍ കാത്തിരുന്ന് തളര്‍ന്നെന്ന് ഒരാളും പറയില്ലെന്ന് ഭരണസമിതിയുടെ ഉറപ്പ്.