pen-tharam

സ്ത്രീ ശാക്തീകരണത്തിന്‍റെ മാതൃകകളായ വനിതാസ്വയംസംരംഭകര്‍ക്ക് മനോരമന്യൂസിന്‍റെ ആദരം. സ്വയംസംരംഭങ്ങളിലൂടെ നേട്ടം കൈവരിച്ച വനിതകളും വിജയം നേടിയ വനിതാ കൂട്ടായ്മകളും പെണ്‍താരം പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.വ്യക്തിഗത,ഗ്രൂപ്പ് ഇനങ്ങളിലായി മൊത്തം 10 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മെഡിമിക്സ്–എ.വി.എ.ഗ്രൂപ്പുമായി സഹകരിച്ചാണ് പെണ്‍താരം പുരസ്കാരം സംഘടിപ്പിച്ചത്. 

 

സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലുള്ള 15വനിതാ സംരംഭകരില്‍ നിന്നും 15വനിതാ സംരംഭകത്വ കൂട്ടായ്മകളില്‍ നിന്നുമാണ് പെണ്‍താരം ഫിനാലെയില്‍ 7പേര്‍ വിജയികളായത്.വ്യക്തിഗത ഇനത്തില്‍ കോഴിക്കോട് മുക്കത്തു നിന്നുള്ള ആഷിക ഖദീജ ഒന്നാം സമ്മാനം നേടി.ഹാന്‍ഡ്ക്രാഫ്റ്റഡ് ചോക്ളേറ്റ് ബ്രാന്‍ഡായ റോച്ചി ചോക്ളേറ്റ്സിന്‍റെ നിര്‍മാണവും വിപണനവുമാണ് ആഷികയുടെ സംരംഭം.രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക.വയനാട് ചൂരല്‍മലയില്‍ നിന്നുള്ള എം.ഷമീറത്തിനാണ് ഒരു ലക്ഷം രൂപയുടെ രണ്ടാം സമ്മാനം.മുണ്ടക്കൈ– ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട ഷമീറ മേപ്പാടിയില്‍ തയ്യല്‍ക്കടയും റെഡിമെയ്ഡ് ഷോപ്പും നടത്തുന്നു.പാലക്കാട് നിന്നുള്ള എം.ഷൈനിക്കാണ് മൂന്നാം സമ്മാനം.റെഡി ടു കുക്ക് കട്ട് വെജിറ്റബിള്‍സ് യൂണിറ്റും ക്ളൗഡ് കിച്ചണുമാണ് സംരംഭം.അരലക്ഷം രൂപയാണ് സമ്മാനത്തുക.

വനിതാ കൂട്ടായ്മകളില്‍ ഒന്നാം സമ്മാനം എറണാകുളത്തെ 'ഓസം ബൈറ്റ്സ്'നേടി. ഓട്ടിസം കുട്ടികളുടെ അമ്മമാര്‍ കുട്ടികളുമായി ചേര്‍ന്ന് തയാറാക്കുന്ന കുക്കീസും ബിസ്കറ്റുകളും അവര്‍ ഓസം ബൈറ്റ്സ് എന്ന പേരില്‍ വിപണിയിലെത്തിക്കുന്നു. മൂന്നുലക്ഷം രൂപയാണ് സമ്മാനം.രണ്ടു ലക്ഷം രൂപയുടെ രണ്ടാം സമ്മാനം കാസർകോട് ഭീമനടിയില്‍ ടൂവീലർ വർക്ക് ഷോപ്പ് നടത്തുന്ന സിഗ്നോറ ഗ്രൂപ്പിനാണ്.വനിതാ മെക്കാനിക്കുകള്‍ നടത്തുന്ന വർക്ക് ഷോപ്പ് കേരളത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ്.കാസർകോട് പിലിക്കോട്ടെ ഗ്രാമകിരണം എല്‍.ഇ.ഡി ബൾബ് യൂണിറ്റിനാണ് ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.തെരുവിളക്കുകള്‍ നന്നാക്കി നാടൊട്ടുക്ക് പ്രകാശം പരത്തുന്നു ഈ കൂട്ടായ്മ.കോഴിക്കോട് പറമ്പിൽ ബസാറിലെ സ്വരലയം ശിങ്കാരിമേളം ടീം ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹരായി. 13 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ടീമില്‍15 വയസ്സു മുതല്‍ 60വയസ്സുവരെയുള്ള സ്ത്രീകളുണ്ട്.അരലക്ഷം രൂപയാണ് സമ്മാനത്തുക.

മെഡിമിക്സ്–എ.വി.എ.ഗ്രൂപ്പുമായി സഹകരിച്ച് മനോരമന്യൂസ് പെണ്‍താരം പുരസ്കാരം സംഘടിപ്പിക്കുന്നത് തുടര്‍ച്ചയായി ഇത് രണ്ടാം വട്ടമാണ്.ഗായിക സിതാര കൃഷ്ണകുമാറായിരുന്നു പെണ്‍താരം ഫിനാലെയില്‍ മുഖ്യാതിഥി. മെഡിമിക്സ് എ.വി.എ ഗ്രൂപ്പ് എം.ഡി ഡോ.എ.വി.അനൂപും സിതാരയുമാണ് സമ്മാനത്തുകയും ഫലകവും സമ്മാനിച്ചത്. ജൂറി അംഗങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്,ഡോ.ദിവ്യ എസ്.അയ്യര്‍ ഐഎഎസ്, ബി.കെ.ഹരിനാരായണന്‍ എന്നിവരും പങ്കെടുത്തു.

ENGLISH SUMMARY:

Women who have achieved success through self-initiatives and successful women's groups have been honored with the Manorama News pentharam Awards