ഡ്രൈവിങ് ടെസ്റ്റിനെത്തിയവരെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ. 3 പേർക്ക് കടിയേറ്റതോടെ ഒരു മണിക്കൂർ നേരം ഡ്രൈവിങ് ടെസ്റ്റ് മുടങ്ങുകയും ചെയ്തു. തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്നുള്ള ഡ്രൈവിങ് ടെസ്റ്റ് ​ഗ്രൗണ്ടിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. 

എച്ച് എടുക്കാൻ ക്യൂ നിന്ന തമ്മനം സ്വദേശി ദിയ സുചിത്ര കൃഷ്ണ (19), ഡ്രൈവിങ് സ്കൂൾ പരിശീലകൻ ആൽഫി, ഡ്രൈവിങ് ടെസ്റ്റിന് ഒരാൾക്ക് കൂട്ടുവന്ന ഷാലു എന്നിവർക്കാണ് ​ഗ്രൗണ്ടിൽ വെച്ച് നായയുടെ കടിയേറ്റത്. ​ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തും മുമ്പ് 5 പെരെക്കൂടി ഈ നായ ആക്രമിച്ചിരുന്നു. നായയുടെ കടിയേറ്റ എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടി. 

ആക്രമണം നടത്തിയ നായയെ ​ഗ്രൗണ്ടിന് അടുത്ത് ചത്ത നിലയിൽ പീന്നീട് കണ്ടെത്തി. നായയെ വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് ന​ഗനസഭ ആരോ​ഗ്യ വിഭാ​ഗം അധികൃതർ അറിയിച്ചു. 

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്. അജയരാജെ, സ്മിത ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥരെത്തിയതോടെ ടെസ്റ്റിന് വന്നവർ നിരനിരയായി നിലയുറപ്പിച്ചു. ഇതിനിടെയാണ് നായ പാഞ്ഞെത്തിയത്. ഭയന്നുപോയ പരീക്ഷാർത്ഥികൾ നാലുപാടും ഓടി. പലരും മറിഞ്ഞ് വീണു. കണ്ണിൽ കണ്ടവരെയെല്ലാം നായ പിന്നാലെയോടിച്ചിട്ട് കടിച്ചു. ആക്രമണത്തിൽ തമ്മനം സ്വദേശി ദിയ സുചിത്ര കൃഷ്ണയ്ക്ക് 2 കാലിനും പരുക്കേറ്റു.   

ENGLISH SUMMARY:

stray dog ​​attacked those who came for the driving test