file image

കൊച്ചിക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ഗതാഗതക്കുരുക്ക് അത്ര നിസാരക്കാരനല്ലെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കനുഭവിക്കുന്ന ലോകനഗരങ്ങളുടെ പട്ടികയിലാണ് എറണാകുളം സ്ഥാനം പിടിച്ചത്. തിരക്കേറിയ സമയത്ത് 10 കിലോമീറ്റര്‍ താണ്ടണമെങ്കില്‍ എറണാകുളത്ത് ശരാശരി 28 മിനിറ്റും 30 സെക്കന്‍റും വേണ്ടിവരുമെന്ന് 'ദ് ടോം ടോം ട്രാഫിക് ഇന്‍ഡക്സി'ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കുരുക്കില്‍ കുടുങ്ങി സ്ഥിരം യാത്രക്കാര്‍ വര്‍ഷത്തില്‍ 78 മണിക്കൂര്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. 

രാജ്യത്ത് ഏറ്റവും 'വൃത്തികെട്ട' ട്രാഫിക് കുരുക്ക് കൊല്‍ക്കത്തയിലാണ്. 'സിറ്റി ഓഫ് ജോയ്', ഗതാഗതക്കുരുക്കിന്‍റെ കാര്യത്തില്‍ ശോകനഗരമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 34 മിനിറ്റും 33 സെക്കന്‍റും കൊണ്ട് മാത്രമേ 10 കിലോമീറ്റര്‍ ദൂരം കടക്കാനാവൂ. വര്‍ഷത്തില്‍ 110 മണിക്കൂറാണ് കൊല്‍ക്കത്തക്കാര്‍ക്ക് ഇങ്ങനെ ബ്ലോക്കിലായി പോകുന്നതെന്ന് സാരം.  ബെംഗളൂരുവാണ് തൊട്ടുപിന്നില്‍ 34 മിനിറ്റും പത്ത് സെക്കന്‍റുമെടുത്താല്‍ തിരക്കേറിയ സമയത്ത് 10 കിലോമീറ്റര്‍ പിന്നിടാം. ബെംഗളൂരുവിലെ ട്രാഫിക് കുരുക്കില്‍ പെട്ട് ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത്, അത് കിട്ടിയ ശേഷം കഴിക്കുന്നതിന്‍റെ വിഡിയോ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടണ്ട്. 

പൂണെ പട്ടികയില്‍ നാലാമതും ലണ്ടന്‍ പട്ടികയില്‍ അഞ്ചാമതുമാണ്. കൊളംബിയന്‍ നഗരമായ ബറാന്‍ക്വിലയാണ് ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന ഒന്നാമത്തെ നഗരം. 36 മിനിറ്റും ആറ് സെക്കന്‍റുമാണ് ഈ നഗരത്തില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വേണ്ടി വരുന്ന ശരാശരി സമയം. വര്‍ഷത്തിലെ 130 മണിക്കൂര്‍ ജനങ്ങള്‍ക്ക് റോഡില്‍ നഷ്ടമാകുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. ചെന്നൈ 31–ാമതും മുംബൈ 39–ാമതുമാണ് പട്ടികയില്‍. ന്യൂഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്പുര്‍ എന്നീ നഗരങ്ങളും തിരക്ക് കൊണ്ട് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

യുഎസ് നഗരങ്ങളായ തൗസന്‍റ് ഓക്സില്‍ 10 കിലോമീറ്റര്‍ വെറും എട്ടുമിനിറ്റ് 36 സെക്കന്‍റില്‍ താണ്ടാം. ഓക്​ലഹോമയില്‍ കൃത്യം പത്തുമിനിറ്റാണ്  ശരാശരി സമയം. 

ENGLISH SUMMARY:

he TomTom Traffic Index 2024 ranks Kolkata, Bengaluru, and Pune as the top three most congested cities in India, followed by Chennai and Ernakulam, highlighting severe traffic issues across major urban centers