യൂട്യൂബില്‍ നിന്നും സംരംഭകനിലേക്ക് ചുവട്‍വച്ച് നാടന്‍ ബ്ലോഗര്‍. ചെര്‍പ്പുളശേരി മഞ്ചക്കലില്‍ പെരളി എന്ന പേരില്‍ ഹോട്ടല്‍ ആരംഭിച്ചെന്ന് യൂട്യൂബ് വിഡിയോയിലൂടെയാണ് നാടന്‍ ബ്ലോഗര്‍ എന്ന അക്ഷജ് അറിയിച്ചത്. 2023 നവംബറില്‍ മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്ന വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിച്ചതിനും വീട്ടില്‍ വൈന്‍ ഉണ്ടാക്കിയതിനും അക്ഷജിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
ട്രയല്‍ പോയിക്കൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ ഗ്രാന്‍ഡ് ഓപ്പണിങ് ഉണ്ടാകുമെന്നും അക്ഷജ് പറയുന്നു. 'സുഹൃത്തുകളുമായി സംസാരിച്ചിരിക്കെ ഒരു ആശയം വന്നു. ഒരു പ്രീമിയം റസ്റ്റോറന്‍റ്. കഴിഞ്ഞ ഡിസംബര്‍ 18 ന് ഓപ്പണിങ് ആയിരുന്നു' എന്നാണ് അക്ഷജ് പറയുന്നത്.
റസ്റ്റോറന്‍റ് ട്രയല്‍ ബേസിസില്‍ ലിമിറ്റഡ് മെനു വച്ച് പോവുകയാണ്, അധികം വൈകില്ല ഗ്രാന്‍ഡ് ഓപ്പണിങ് എല്ലാവരെയും അറിയിക്കും, ഔട്ട്ഡോര്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, സ്റ്റേജ് എന്നിവയുണ്ട്. വന്ന് കഴിച്ച് തെറ്റുണ്ടെങ്കില്‍ പറയണം എന്നും വിഡിയോയിലുണ്ട്.
നാടന്‍ പശ്ചാത്തലത്തില്‍ ഫുഡ് വിഡിയോകള്‍ ചെയ്യുന്ന യൂട്യൂബറാണ് നാടന്‍ ബ്ലോഗര്‍. 5.17 ലക്ഷം പേരാണ് നാടന്‍ ബ്ലോഗര്‍ എന്ന അക്കൗണ്ട് യൂട്യൂബില്‍ പിന്തുടരുന്നത്. 2023ല്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ യൂട്യൂബ് വഴി പ്രചരിപ്പിച്ചു എന്ന കേസില്‍ നാടന്‍ ബ്ലോഗറായ അക്ഷജിനെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നതിനും വീട്ടില്‍ വൈന്‍ ഉണ്ടാക്കിയതിനുമാണ് 21 കാരനായ അക്ഷജിനെ ചെര്‍പ്പുളശ്ശേരി എക്സൈസ് അറസ്റ്റു ചെയ്തത്. പിന്നീട് അക്ഷജിനെ ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
വിഡിയോ പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു എക്സൈസ് അക്ഷജിന്റെ വീട് പരിശോധിച്ചത്. ക്യാമറ, മൈക്ക്, ലാപ്ടോപ് എന്നിവ അന്ന് പിടിച്ചെടുത്തിരുന്നു. വൈന്‍ നിര്‍മിക്കുന്നതിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും അഞ്ചുലിറ്റര്‍ വൈനും അന്ന് എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു.