മന്ത്രി കെബി ഗണേഷ് കുമാറും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുളള സ്വത്ത് തര്‍ക്കക്കേസില്‍ വഴിത്തിരിവായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്‍. ബാലകൃഷ്ണ തയാറാക്കിയ വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിളളയുടേത് തന്നെയാണെന്ന് സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി​സ്ഥിരീകരിച്ചു. സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണം. 

ബാങ്ക്, തിരഞ്ഞെടുപ്പ് രേഖകളിലെ ഒപ്പ്, മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെയുളള ഒപ്പ് ഇങ്ങനെ ആര്‍. ബാലകൃഷ്ണപിളളയുടെ ജീവിതകാലത്തെ വിവിധ ഒപ്പുകള്‍ സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി പരിശോധിച്ചപ്പോഴാണ് ഒപ്പില്‍ ശരി കണ്ടെത്തിയത്. ആര്‍. ബാലകൃഷ്ണപിളള തയാറാക്കിവച്ചിരുന്ന വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിളളയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു.  

ആര്‍. ബാലകൃഷ്ണപിളളയുടെ മരണശേഷം വില്‍പ്പത്രം പുറത്തെടുത്തപ്പോള്‍ സ്വത്തുക്കള്‍ കൂടുതല്‍ ഗണേഷിനെന്ന് തെളിഞ്ഞതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തനിക്ക് അര്‍ഹമായത് ലഭിച്ചില്ലെന്നും വില്‍പ്പത്രത്തില്‍ സംശയമുണ്ടെന്നുമായിരുന്നു ഗണേഷ്കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസിന്റെ പരാതി. മധ്യസ്ഥചര്‍ച്ച നടത്തിയിട്ടും ഫലമില്ലാതായതോടെ കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പ്പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

​സത്യം തെളിഞ്ഞതില്‍ സന്തോഷമെന്നും ആരോടും വിരോധമില്ലെന്നും മന്ത്രി കെബി ഗണേഷ്കുമാറിന്റെ പ്രതികരണം പിതാവിന് കോടികളുടെ സ്വത്തെന്ന് ഉഷാമോഹന്‍ദാസ് കൊട്ടാരക്കര കോടതിയില്‍ സത്യവാങ്മൂലമായി നല്‍കിയിരുന്നു.  29 ഇടങ്ങളിലായി ഏകദേശം 50 ഏക്കര്‍ സ്ഥലം, കൊടൈക്കനാലില്‍ ഇരുനിലവീട്, വാളകത്ത് സ്കൂള്‍, ബിഎഡ് കോളജ്, 270 പവന്‍ സ്വര്‍ണാഭരണങ്ങളൊക്കെ ഉണ്ടെന്നായിരുന്നു സത്യവാങ്മൂലം.

ENGLISH SUMMARY:

Forensic report in property dispute case with his sister Usha Mohandas has come as a relief for KB Ganesh Kumar. Usha's claims that the signatures on the will prepared by their father Balakrishna PIllai were forged have been rejected by the forensic report