സമാധി വിവാദത്തെ തുടർന്നു നെയ്യാറ്റിൻകരയിൽ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്കു പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. ചെങ്കല്‍ മഠാധിപതി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാമജപ ഘോഷയാത്രയോടെയാണ് വീട്ടുവളപ്പില്‍ എത്തിച്ചത്. കൂടുതല്‍ വിപുലമായ ക്രമീകരണങ്ങളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ സന്യാസിമാരുടെ സംഘമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
പഴയതിന്റെ ഇരട്ടിയിലധികം വലുപ്പത്തിലാണ് പുതിയ കല്ലറ നിർമിച്ചത്. പീഠപൂജ ചെയ്ത് ഭസ്മവും, പച്ചകർപ്പൂരവും ഇട്ട ശേഷം മൃതദേഹം ഭസ്മം കൊണ്ടു മൂടി. മകൻ സനന്ദൻ ഉൾപ്പെടെ 3 പേരാണ് കല്ലറയിൽ ഇറങ്ങിയത്. 500 കിലോ ഭസ്മവും 50 കിലോ പച്ച കർപ്പൂരവുമാണ് ആദ്യമെത്തിച്ചത്. തികയില്ലെന്ന് കണ്ടതോടെ 1500 കിലോ ഭസ്മവും, 200 കിലോ പച്ച കർപ്പൂരവും അധികം വാങ്ങി.
സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്ന് ഗോപന്റെ മകന്‍ സനന്തന്‍ പറഞ്ഞു. വൈകാരികമായി നടത്തിയ പ്രതികരണമാണത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്തന്‍ പറഞ്ഞു