മോതിരത്തിന്‍റെ മൊഞ്ച് കണ്ടാല്‍ ഒന്നണിയണം എന്ന് തോന്നാത്തവരുണ്ടാകില്ല. മോതിരം സ്ഥിരമായി ധരിക്കുന്നവരുമേറെ.ഏതാണ്ട് അത്രതന്നെയുണ്ട് മോതിരക്കുരുക്കില്‍പ്പെടുന്നവരും. ഇട്ടമോതിരമൊന്നൂരാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാതെ അഗ്നിരക്ഷസേനാ ഓഫീസുകളിലെത്തുന്നവരും കുറവല്ല . കണ്ണൂര്‍ തളിപ്പറമ്പില്‍ മാത്രം അമ്പത് പേരാണ് മോതിരമൂരാന്‍ അഗ്നിരക്ഷസേനാംഗങ്ങളുടെ സഹായം തേടിയത്.
അഴിയാക്കുരുക്കാകുന്നവയിലേറെയും ഫാന്‍സി കടകളില്‍ നിന്ന് വാങ്ങുന്ന വിലകുറഞ്ഞ സ്റ്റീല്‍മോതിരങ്ങളാണത്രേ.. കുടുങ്ങിപ്പോയ മോതിരം വലിച്ചൂരാന്‍ ശ്രമിച്ച് വിരല്‍ നീരുവെച്ച് വീര്‍ത്ത് അസഹ്യമായ വേദനയുമായാണ് പലരും എത്തുന്നത്. മോതിരമൂരാനാകാതെ ആശുപത്രിയിലത്തുന്നവരെ അഗ്നിരക്ഷസേന ഓഫീസുകളിലേക്ക് പറഞ്ഞുവിടുന്നതും പതിവാണ്.
മോതിരക്കുരുക്കിലെത്തുന്നവരേറെയും കുട്ടികളാണ്.സ്റ്റീല്‍ മോതിരങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് ഇതിനുള്ള പ്രതിവിധിയെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറയുന്നു. മാത്രമല്ല കുരുങ്ങിയ മോതിരങ്ങള്‍ ബലമായി ഊരാന്‍ ശ്രമിക്കുന്നതും ശരിയല്ല. കുരുങ്ങുന്ന മോതിരങ്ങള്‍ ഊരിയെടുക്കാന്‍ അഗ്നിരക്ഷ സേനാംഗങ്ങള്‍ക്ക് ചില സൂത്രപ്പണികളുമുണ്ട്.
98 വയസുള്ള സ്ത്രീയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ മുറിച്ചുമാറ്റിയത് 3 മോതിരങ്ങളാണ്. ഇറുകിയ ഫാന്‍സി മോതിരങ്ങള്‍ പരമാവധി ഒഴിവാക്കാനും ദിവസേന അഴിച്ചുവെയ്ക്കാനും ശ്രദ്ധിക്കണമെന്നാണ് മോതിരപ്രേമികളോടുള്ള അഗ്നിരക്ഷാ സേനയുടെ അറിയിപ്പ്.