ഷാരോണ്‍രാജ് വധക്കേസിലെ ശിക്ഷ ഇന്ന് വിധിക്കും. കാമുകനായ ഷാരോണ്‍രാജിനെ ഒന്നാംപ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.സെഷന്‍സ് കോടതിയാണ് വിധിപറയുക. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു. 2021 ഒക്ടോബർ മുതലാണ് ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലാകുന്നത്. ഈ സമയത്ത് ഇരുവരും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
ചില ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച് ഗ്രീഷ്മ ബാഗിൽ സൂക്ഷിച്ചിരുന്നു. ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അതു ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളിൽ തിരഞ്ഞു. ഇതു ജ്യൂസിൽ കലർത്തി ഷാരോണിനെ കൊല്ലാൻ ശ്രമിച്ചു. ഫലം കാണാതായതോടെയാണു വീട്ടിലേക്കു വിളിച്ചു വരുത്തിയത്. ‘കഷായം കുടിക്കാമെന്നു മുൻപ് ചാലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് ഷാരോണിനു കഷായം കൊടുത്തു.അതിനുശേഷം കയ്പു മാറാൻ ജ്യൂസ് നൽകി. ‘ഷഡാങ്ക പാനീയം’ എന്ന കഷായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചാണു കഷായം ഉണ്ടാക്കിയത്. ഇതിൽ കളനാശിനി കലർത്തി. കഷായം കുടിച്ച ഷാരോൺ ഛർദിച്ചു. സുഹൃത്തുമായി ബൈക്കിൽ മടങ്ങുമ്പോഴും ഷാരോൺ പലതവണ ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോടു ഷാരോൺ പറഞ്ഞു.