ഷാരോണ്‍ രാജ് എന്ന 23കാരനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയ ഗ്രീഷ്മയ്ക്ക് എന്തുകൊണ്ട് വധശിക്ഷ നല്‍കുന്നുവെന്ന് അക്കമിട്ട് നിരത്തിയാണ് കോടതിയുടെ വിധിപ്രസ്താവം. ഗ്രീഷ്മ നല്‍കിയ വിഷം കഴിച്ച ഷാരോണ്‍ ഒരിറ്റു വെള്ളം പോലും കുടിക്കാനാവാതെ അന്നനാളം വരെ കരിഞ്ഞുണങ്ങി ആശുപത്രിയില്‍ കിടന്നത് 11ദിവസമാണ്. ജീവനുതുല്യം സ്നേഹിച്ച്, നെറുകയില്‍ കുങ്കുമവും കഴുത്തില്‍ താലിയുമണിയിച്ച്, ജീവിതത്തില്‍ കൂടെക്കൂട്ടാനായി കണ്ട പെണ്ണിനെ അവന്‍ മരണക്കിടക്കയില്‍ പോലും ഒറ്റുകൊടുത്തില്ല, മരണമൊഴിയില്‍ ‘ഗ്രീഷ്മ’എന്ന പേരുപോലും ആ 23വയസുകാരന്‍ പറഞ്ഞില്ല, ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ബോധ്യപ്പെട്ടപ്പോഴും അവന്‍ അവളെ എന്‍റെ വാവേ....എന്നാണ് വിളിച്ചത്. പ്രണയത്തിന്‍റെ നെഞ്ചിലായിരുന്നു ഗ്രീഷ്മയെന്ന കൊടും ക്രിമിനല്‍ സ്ലോ പോയിസന്‍, കളനാശിനി കലര്‍ത്തിയൊഴിച്ചത്.
പ്രതിഭാഗത്തിന്‍റെ വാദങ്ങളെല്ലാം കോടതി ഒന്നിനുപുറകെ ഒന്നായി തള്ളിക്കളഞ്ഞു, ആദ്യ 33 മിനിറ്റില്‍ ആരാണ് ഗ്രീഷ്മ എന്നും കോടതിക്ക് ബോധ്യപ്പെട്ടതെന്ത് എന്നുമായിരുന്നു വ്യക്തമാക്കിയത്. ഷാരോണിന്‍റെ മാതാപിതാക്കളെയും സഹോദരനെയും ജഡ്ജി കോടതിമുറിക്കുള്ളിലേക്ക് വിളിച്ചുവരുത്തി. ഗ്രീഷ്മയുടെ പ്രായം കണക്കിലെടുക്കണമെന്ന വാദം ഇവിടെ വേണ്ട എന്ന് കോടതി തീര്‍ത്തുപറഞ്ഞു, ഗ്രീഷ്മയുടെ മനസിന്‍റെ കാഠിന്യവും ക്രിമിനല്‍മനസും കോടതി അക്കമിട്ടു പറഞ്ഞു. ഷാരോണ്‍ അടിച്ചെന്നും ടോക്സിക് ആണെന്നുമുള്ള ഗ്രീഷ്മയുടെ അഭിഭാഷകരുടെ വാദവും കോടതി മുഖവിലയ്ക്കെടുക്കാതെ തള്ളി. 48സാഹചര്യത്തെളിവുകള്‍ ആണ് ഗ്രീഷ്മക്കെതിരെയുള്ളത്. സ്ലോ പോയിസണിങ് ആണ് ഗ്രീഷ്മ ലക്ഷ്യംവച്ചത്.
എന്‍റെ വാവേ...എന്നാണ് അവന്‍ മരണക്കിടക്കയിലും ഗ്രീഷ്മയെ വിളിച്ചത്, കഷായം കുടിച്ചെന്നൊന്നും എനിക്ക് പറയാനാകില്ലല്ലോ വാവേ എന്ന് ചോദിക്കുന്ന ശബ്ദവും നമ്മള്‍ കേട്ടതാണ്. എന്നാല്‍ ഫ്രൂട്ടി പഴയതായിരുന്നോ ഇച്ചായാ എന്നാണ് അവിടെയും ഗ്രീഷ്മ തിരിച്ചുചോദിച്ചത്. ക്രൂരമായ കുറ്റം ചെയ്തിട്ടും അത് അവസാനം വരെ മറച്ചുവയ്ക്കാനുള്ള ശ്രമമായിരുന്നു ഗ്രീഷ്മ നടത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ഓര്‍മപ്പെടുത്തുന്നതാണ് കേരളമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് കോടതിവിധിച്ച തൂക്കുകയര്‍