കഷായത്തിൽ കളനാശിനി കടത്തി ഷാരോൺ രാജിനെ കൊന്ന ഗ്രീഷ്മയ്ക്ക് എന്ത് ശിക്ഷ കിട്ടും. ഇന്നുച്ചയ്ക്ക് മുമ്പ് നെയ്യാറ്റിൻകര വില്ല അഡീഷണൽ സെഷൻസ് കോടതി ഇതിന് ഉത്തരം പറയും. വധശിക്ഷ മുതൽ ജീവപര്യന്തം വരെയുള്ള ശിക്ഷകൾക്ക് സാധ്യതയുണ്ടെന്നാണ് നിയമ ലോകം വിലയിരുത്തുന്നത്.
വധശിക്ഷ എങ്കിൽ കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തിൽ പുതു റെക്കോർഡ് ആവും ഗ്രീഷ്മ സൃഷ്ടിക്കുക. കേരളത്തിൽ വളരെ അപൂർവമായി മാത്രമാണ് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നിലവിൽ ഒരു സ്ത്രീ മാത്രമാണ് കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത്. വധശിക്ഷ വിധിച്ചാൽ ഗ്രീഷ്മ ആ കൂട്ടത്തിലെ രണ്ടാം സ്ഥാനക്കാരിയാവും.
വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാംപ്രതി റഫീഖ ബീവിയാണ് ഇപ്പോൾ വധശിക്ഷ കാത്തു കഴിയുന്ന ഏക സ്ത്രീ. ഒരു വർഷം മുമ്പ് നെയ്യാറ്റിൻകര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ മകനും കാമുകനും വധശിക്ഷ വിധിച്ചത്. അതേ കോടതിയും അതേ ജഡ്ജും ആണ് ഷാരോൺ കേസും പരിഗണിക്കുന്നത്. വധശിക്ഷ കിട്ടിയാൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളി എന്ന റെക്കോർഡ് ഗ്രീഷ്മയുടെ പേരിൽ എഴുതപ്പെടും.