മാതൃഭാഷയെയും മലയാളനാടിനെയും നെഞ്ചോടുചേര്‍ക്കുന്നവര്‍ക്ക്,,,,, ഓര്‍മയിലും ഊര്‍ജംപകരുന്ന സുഗതകുമാരിക്ക് ഇന്ന് നവതി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എഴുത്തിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും മലയാളികളെ നിരന്തരം ബോധ്യപ്പെടുത്തിയ മറ്റൊരാളില്ല.
എന്താണ് സുഗതകുമാരി നമുക്കും നാടിനും നല്‍കിയത് എന്നതിനെക്കാള്‍ എന്താണ് നല്‍കാത്തത് എന്ന് ചോദിക്കുന്നതാകും ശരി. മലയാള ഭാഷയ്ക്കായി, അതിലേറെ കാടിനും മലകള്‍ക്കും പുഴകള്‍ക്കുമായി, അനാഥബാല്യങ്ങള്‍ക്കായി, അത്താണിയില്ലാത്ത മനുഷ്യര്‍ക്കായി ആയുസ്സുനീക്കിവച്ച സുഗതകുമാരി ഒരുതീവിഴുങ്ങിപ്പക്ഷിയായിരുന്നു. എണ്‍പത്തിനാലാം പിറന്നാള്‍ വേളയില്‍ നമ്മള്‍ അമ്മയോട് ചോദിച്ചു എന്താണ് ഇങ്ങനെ?
അഭയം തേടുന്നവര്‍ക്ക് സ്നേഹത്തിന്റെ പവിഴമല്ലിപ്പൂക്കള്‍ സമ്മാനിച്ച അതേ ആള്‍തന്നെ പ്രകൃതിനാശത്തിനൊരുമ്പെടുന്നവര്‍ക്ക് മുന്നില്‍ കരിങ്കല്‍കോട്ടയായി . സൈലന്റ് വാലിയില്‍, അട്ടപ്പാടിയിലെ
മൊട്ടക്കുന്നില്‍, ആറന്മുളയിലെ നെല്‍പാടങ്ങളില്‍ ഒക്കെ അതുനമ്മള്‍ കണ്ടു. സുഗതകുമാരിക്ക് ഏറ്റവും പ്രിയപ്പെട്ടകാഴ്ചയായി പിന്നീട് കുന്തിപ്പുഴയുടെ കരയിലെ ആ കാടുകള്‍ മാറി.
1961 ല്‍ ആദ്യ കവിത മുത്തുച്ചിപ്പിയിലൂടെ തുടങ്ങിയ കാവ്യോപാസന സരസ്വതി സമ്മാന്‍ വരെ ഉയര്‍ന്നെങ്കിലും ഭാഷയ്ക്കുവേണ്ടി ഇനിയും ഏറെ പ്രവൃത്തിക്കണമെന്നായിരുന്നു ആഗ്രഹം. കൊടിയ സഹനത്തില്‍ നിന്ന് സഹ്യന്റെ മക്കളെ രക്ഷിക്കണം, നിയന്ത്രണം നഷ്ടമായ മനസ്സുകള്‍ക്ക് അഭയമൊരുക്കണം ഇതൊക്കെയായിരുന്നു അനാരോഗ്യം അലട്ടുമ്പോഴും സുഗതകുമാരിയുടെ ചിന്തകള്‍. നിറവേറാത്ത ആ ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള പ്രവര്‍ത്തനമാണ് സുഗതകുമാരിക്ക് നല്‍കാവുന്ന ഏറ്റവുംവലിയ നവതി സമ്മാനം.