പരസ്യമായി മാപ്പ് ചോദിച്ച് ജയില്‍ മോചിതനായ ബോബി ചെമ്മണ്ണൂര്‍. മാര്‍ക്കറ്റിങ്ങിനായി പലതും പറയാറുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല. എങ്കില്‍പോലും ആര്‍ക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ എന്റെ വാക്കുകള്‍ കൊണ്ട് വിഷമിച്ചിട്ടുണ്ടെങ്കില്‍ അവരോടൊക്കെ മാപ്പ് ചോദിക്കുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍
ആദ്യമായിട്ട് എനിക്ക് മാപ്പ് ആണ് പറയാനുള്ളത്, കാരണം ഈ ഉല്‍ഘാടനം നേരത്തെ നിശ്ചയിച്ചിരുന്നു. ആ ഉദ്ഘാടനത്തിന് എത്തിച്ചേരാന്‍ സാധിച്ചില്ല. അല്‍പ്പം തിരക്കായിരുന്നു, ജയിലില്‍ ആയിരുന്നു. അതുകൊണ്ട് എത്തിപ്പെടാന്‍ സാധിച്ചില്ല. അതിന് ഉടമസ്ഥനോടും നാട്ടുകാരോടും ക്ഷമ ചോദിക്കുന്നു. പലരും ചോദിക്കുന്നുണ്ട് എന്താണ് കേസ്, എന്താണ് പ്രശ്നം ഉണ്ടായതെന്നൊക്കെ. കേസ് കോടതിയില്‍ ആയത് കൊണ്ട് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല. എന്റെ രാജ്യത്തെ നിതി ന്യായ വ്യവസ്ഥയില്‍ ഞാന്‍ വിശ്വസിക്കുന്നു. കോടതിയെ ബഹുമാനിക്കുന്നു.
ഞാന്‍ എന്റെ ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് ആരെയെങ്കിലും ഉപദ്രവിക്കാനോ വിഷമിപ്പിക്കാനോ സങ്കടപ്പെടുത്താനോ പോകാറില്ല. പറ്റാവുന്ന സഹായമൊക്കെ പറ്റുന്ന സമയത്തൊക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരോടും വൈരാഗ്യമോ ദേഷ്യമോ ഇല്ല. സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ് എന്റെ മുദ്രാവാക്യം. എന്റെ സംസാരരീതി പൊതുവേ തമാശരൂപേണയാണ്. മാര്‍ക്കറ്റിങ്ങൊക്കെ ചെയ്യാന്‍വേണ്ടി പലതും പറയാറുണ്ട്. അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല. എങ്കില്‍പോലും ആര്‍ക്കെങ്കിലും എപ്പോഴെങ്കിലുമൊക്കെ എന്റെ വാക്കുകള്‍ കൊണ്ട് വിഷമിച്ചിട്ടുണ്ടെങ്കില്‍ അവരോടൊക്കെ ഞാന്‍ മാപ്പ് ചോദിക്കുന്നു. എനിക്ക് യാതൊരുവിധ ഈഗോയോ കോംപ്ലക്സോ ഒന്നുമില്ല.
നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കഴിഞ്ഞത്. ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നല്‍കിയതിന് ജയില്‍ ഡി.ഐ.ജിക്കും സൂപ്രണ്ടിനും സസ്പെന്ഷന് നേരിട്ടിരുന്നു.