മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമുള്ള പ്രോഗ്രാമിനിടെ ബസില്‍വച്ച് ഉപദ്രവമേറ്റെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമാ വിനീത്. കോട്ടയത്തുവച്ചായിരുന്നു സംഭവം. മുപ്പതോളം പേരുള്ള ബസില്‍വച്ച് രണ്ടുപേര്‍ തന്റെ വസ്ത്രമഴിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിച്ചെന്നും സീമ പറയുന്നു. മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സീമയുടെ തുറന്നുപറച്ചില്‍.
‘അക്കാലത്ത് ഏറ്റവും അവസാനമാണ് തനിക്ക് ബാത്റൂം കിട്ടുക, ലേസര്‍ പരിപാടികളൊന്നും അത്ര ജനപ്രിയമാകാത്ത കാലത്തായിരുന്നു സംഭവമെന്നും സീമ പറയുന്നു. അതുകൊണ്ടു തന്നെ വാക്സ് ചെയ്യാനടക്കം ഏറെ സമയമെടുക്കും. പുറത്തുവന്നു കഴിഞ്ഞപ്പോള്‍ വളരെ മോശമായാണ് മിമിക്രി കലാകാരന്‍മാര്‍ തന്നോട് പെരുമാറിയതെന്നും സീമ പറയുന്നു. ബസില്‍വച്ച് ശരീരത്തില്‍ കയറിപ്പിടിക്കുകയും വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നീ ആണാണോ പെണ്ണാണോ, ഇത്രയും സമയം വേണോ നിനക്ക് കുളിക്കാന്‍ എന്നൊക്കെ ചോദിച്ചായിരുന്നു ഉപദ്രവം. ഉടന്‍ തന്നെ പൊലീസിനെ വിളിക്കുകയും ആ മുപ്പതുപേരെയും പൊലീസ് സ്റ്റേഷനില്‍ കയറ്റി മാപ്പ് പറയിപ്പിക്കുകയും ചെയ്തെന്നും സീമ പറയുന്നു.
സ്കൂളില്‍ പോകുന്ന കാലത്തും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സീമ തുറന്നുപറയുന്നു. സ്കൂളില്‍ പോകാന്‍ പേടിയായിരുന്നു, വഴിയില്‍വച്ച് ടീനേജ് പിള്ളേര്‍ സമാനമായ രീതിയില്‍ നീ എന്താണെന്നറിയണം എന്ന് ചോദിച്ച് ഉപദ്രവിച്ചിട്ടുണ്ടെന്നും സീമ. പേടിച്ച് നിലവിളിച്ച് വീട്ടിലേക്കൊടിയ ഓര്‍മകളും സീമ പങ്കുവച്ചു.
തന്നെ ഒരിക്കലും ഒരു പൂര്‍ണയായ സ്ത്രീയായി കാണരുതെന്നും അങ്ങനെ പ്രതീക്ഷിക്കരുതെന്നും താന്‍ പാര്‍ട്ണറോട് പറയാറുണ്ടെന്നും സീമ വിനീത് പറയുന്നു. താന്‍ ട്രാന്‍സ് വുമണ്‍ ആണ് അങ്ങനെ തന്നെ കാണണമെന്നും സീമ അഭിമുഖത്തിനിടെ പറഞ്ഞു.