കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായിയെന്നും, തന്റെ പാഠപുസ്തകത്തിലെ ഹീറോയാണ് അദ്ദേഹമെന്നും കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ.  എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവാണ് പിണറായി വിജയനെന്ന് ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. 

അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം. അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യിൽ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല..... കോടതീല് കണ്ടിപ്പാ പാക്കലാം.. - പി പി ദിവ്യ വ്യക്തമാക്കി. 

കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ്‌ ഷമ്മാസ് കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പി പി ദിവ്യയുടെ എഫ്ബി പോസ്റ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി ദിവ്യ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്നാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ ആരോപണം. കോടികളുടെ കരാറുകൾ നൽകിയത് ബിനാമി ഉടമസ്ഥതയിലുള്ള സ്വന്തം കമ്പനിക്കാണെന്നും, കമ്പനി ഉടമയുടെയും ദിവ്യയുടെ ഭർത്താവ് അജിത്തിന്റെയും പേരിൽ സ്ഥലങ്ങൾ വാങ്ങിയെന്നും ഷമ്മാസ് പറയുന്നു.

'ജില്ലാ പഞ്ചായത്ത്‌ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ട്. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോസ്ഥനാണെങ്കിലും, ഭൂമിരേഖയിൽ വരുമാനമാർഗം കൃഷിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒട്ടുമിക്ക നിർമ്മാണപ്രവർത്തനങ്ങളുടെ കരാറും കിട്ടിയത് കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്കാണ്. ദിവ്യ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 10.47 കോടിയുടെ കരാറാണ്   ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് കിട്ടിയത്. ഈ കരാറുകളെല്ലാം നേരിട്ടാണ് നൽകിയിരിക്കുന്നത് . എന്നാല്‍ ജില്ലാ നിർമ്മിതി കേന്ദ്ര നേരിട്ടല്ല പ്രവൃത്തികൾ ചെയ്യുന്നത്'.

നിർമ്മിതി കേന്ദ്രയ്ക്ക് നൽകിയ പദ്ധതി ഏറ്റെടുത്ത് നടത്തിയത് ദിവ്യയുടെ ബിനാമി കമ്പനിയായ കാർട്ടൻ ഇന്ത്യ അലയൻസ് ലിമിറ്റഡാണെന്നും ഷമ്മാസ് പറയുന്നു. ദിവ്യയ്ക്ക് എതിരെ വിജിലൻസിൽ പരാതി നൽകുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.