പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥി അധ്യാപകനു നേരെ കൊലവിളി നടത്തിയ വിഡിയോ എടുത്ത് പ്രചരിപ്പിച്ചവരൊന്നും അധ്യാപകരായിരിക്കാന്‍ യോഗ്യരല്ലെന്ന് സ്വാമി സന്ദീപീനന്ദ ഗിരി. ആ വിഡിയോ കണ്ട് പലരും തനിക്ക് സന്ദേശങ്ങളയച്ചു, എന്താണ് നമ്മുടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സംഭവിക്കുന്നതെന്ന് ചോദിച്ച്. യഥാര്‍ഥത്തില്‍ ആ അധ്യാപകര്‍ക്ക് ബീവറേജില്‍ മദ്യം എടുത്തുകൊടുക്കുന്ന പരിപാടിയായിരിക്കും നല്ലതെന്നും സ്വാമി തന്‍റെ യുട്യൂബ് ചാനലിലൂടെ പറയുന്നു.
ചിന്‍മയാനന്ദ സ്വാമികളുടെ ‘യൂത്ത് ആര്‍ നോട്ട് യൂസ്‌ലെസ്, ദേ ആര്‍ യൂസ് ലെസ്’ എന്ന വാക്യമാണ് ഈ വിഡിയോ കണ്ടപ്പോള്‍ തനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു. കുട്ടികളുടെ സര്‍ഗശേഷി തിരിച്ചറിയേണ്ടവരാണ് അധ്യാപകര്‍, അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കേണ്ടവരും അവരാണ്. ഇതു കേള്‍ക്കുന്ന അധ്യാപകര്‍ ചിന്തിക്കുന്നത് തന്നെക്കുറിച്ചാകുമെന്നും, സ്വാമിക്ക് അങ്ങനെയങ്ങ് പറഞ്ഞുപോകാമല്ലോ എന്നു വിചാരിക്കുമെന്നും സന്ദീപാനന്ദ ഗിരി പറയുന്നു.
1994മുതല്‍ 2005വരെ കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്, സ്പിരിച്ച്വല്‍ അധ്യാപകനെന്നു പറയാം. ആ അനുഭവംവച്ചാണ് പറയുന്നതെന്നും സ്വാമി . അവരെ കുഴപ്പക്കാരായി കണ്ട് വിഡിയോ എടുത്തവരും കൂടെനിന്നവരും ബീവറേജില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാണ്. അവിടെ അളന്നുകൊടുക്കുകയോ ചോദിക്കുന്ന ബ്രാന്‍ഡ് കൊടുക്കുകയോ മതിയാവും.
കുട്ടികളെ കേള്‍ക്കണം, പ്രശ്നങ്ങള്‍ അറിയണം, കരുതലും സ്നേഹവും നല്‍കണമെന്നും സ്വാമി പറയുന്നു. ആ സ്കൂള്‍ ആമ്പിയന്‍സിനും അധ്യാപകര്‍ക്കും എന്തൊക്കെയോ പ്രശ്നമുണ്ട്. ഒരു മാസത്തെ അവധി അധ്യാപകര്‍ക്ക് ട്രെയിനിങ് കൊടുക്കാനായി സര്‍ക്കാര്‍ മാറ്റിവക്കണം. ‘അകക്കണ്ണ് തുറക്കാന്‍ ആശാന്‍ ബാല്യത്തിലെത്തീടണം’ എന്നുപറയുംപോലെ അതിനുള്ള പരിശീലനം സര്‍ക്കാര്‍ നല്‍കണമെന്നും സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നു.