TOPICS COVERED

കാലുകൊണ്ട് എഴുതിയെടുത്തൊരു ഒന്നാം റാങ്കിന്‍റെ കഥപറയുകയാണ് കുറവുകളെ നിറവുകളാക്കിയ കണ്‍മണി. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജ് വിദ്യാര്‍ഥിനിയായിരുന്ന കണ്‍മണി ബിരുദാനന്തര ബിരുദമാണ്  റാങ്കിന്‍റെ തിളക്കത്തോടെ നേടിയെടുത്തത്.  കൈകളില്ലാതെ ജനിച്ച മകളെയോര്‍ത്ത് പരിതപിക്കാതെ അവള്‍ക്ക് പറക്കാന്‍ ചിറകുകള്‍ നല്കിയ മാതാപിതാക്കള്‍ക്ക് കൂടിയുളളതാണ് ഈ നേട്ടം. 

കണ്‍മണി  – ആ പേര് അല്പമൊന്ന് നീട്ടിയെഴുതിയാല്‍ കുറവുകളിലെ മികവുകള്‍ തെരഞ്ഞു പിടിച്ച് തേച്ചു മിനുക്കി പൊന്നാക്കിയവള്‍ എന്നു വായിക്കാം. കാലുകളെ  കരുത്താക്കി  കണ്‍മണി വെട്ടിപ്പിടിച്ച ഉയരങ്ങളിലേയ്ക്ക് നോക്കിയാല്‍ നമുക്കൊക്കെ കണ്ണു തളളും.  ആദ്യം കീഴടക്കിയത് നിറങ്ങളുടെ ലോകം. കാല്‍വിരുതില്‍ വിരിഞ്ഞ മനോഹര ചിത്രങ്ങളും, പെയിന്‍റിങ്ങുകളും കരകൗശല വസ്തുക്കളുമാണ് വീടു നിറയെ.

വീട്ടിലിരുന്ന് പാട്ടുമൂളിയ കണ്‍ മണിയെ സമയം പോകാനാണ് അമ്മ സംഗീതം പഠിക്കാന്‍ വിട്ടത്. പിന്നെ സംഗീതമാണ് ജീവിത വഴിയെന്ന് തിരിച്ചറിഞ്ഞ കണ്മണി ഇന്ന് സംഗീതത്തില്‍  ബിരുദാനന്തര ബിരുദം നേടിയിരിക്കുകയാണ് ഒന്നാം റാങ്കോടെ.  500 ല്‍ അധികം വേദികളില്‍   സംഗീത കച്ചേരി അവതരിപ്പിച്ചു  കഴിഞ്ഞു.  സുന്ദര ജീവിതം കെട്ടിപ്പടുക്കാനുളള പൊടിക്കൈകളൊക്കെ കണ്‍മണിക്കിന്ന്  കാണാപാഠമാണ്. നിസാര കാര്യങ്ങള്‍ക്ക് പരാതിക്കെട്ടഴിക്കുന്ന നമുക്കൊക്കെ കണ്ടും കേട്ടും പഠിക്കാന്‍ ഇനിയുമൊരുപാട് അത്ഭുതങ്ങള്‍ കണ്‍മണി കരുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

ENGLISH SUMMARY:

Trivandrum kanmani survival story