വേർപാടിന്റെ ദുഃഖം വിട്ടുമാറാത്ത വീട്ടിലേക്ക് രാജ്യത്തിന്റെ ആദരമായെത്തിയത് ശൗര്യചക്ര. വീരമൃത്യു വരിച്ച കൊല്ലം കുന്നത്തൂർ സ്വദേശി വിജയൻകുട്ടിയെ മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകിയാണ് രാജ്യം ആദരിച്ചത്.
ജി.വിജയൻകുട്ടിക്ക് ശൗര്യചക്ര പ്രഖ്യാപിച്ചത് അറിഞ്ഞപ്പോൾ തോരാ കണ്ണീരിനിടയിലും ഭാര്യ നിഷവിജയനും മക്കളായ രമ്യയ്ക്കും ഭവ്യയ്ക്കും അഭിമാനം. കഴിഞ്ഞ വർഷം ജൂൺ പതിനഞ്ചിനാണ് ഗ്രഫ് ജീവനക്കാരനായിരുന്ന ജി.വിജയൻകുട്ടി വീരമൃത്യു വരിച്ചത്. സൈന്യത്തിനായി പാലം നിർമിക്കുന്നതിനിടെ വിജയൻകുട്ടി ഓടിച്ചിരുന്ന ബുൾഡോസർ തകരാറിലായി. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വാഹനം അൻസ് നദിയിലേക്ക് മറിഞ്ഞു.
ഇരുപത്തിയെട്ടു വർഷം മുൻപാണ് വിജയൻകുട്ടി സൈന്യത്തിന്റെ ഭാഗമായത്.വീടിനടുത്തുള്ള തൃക്കണ്ണാപുരം ക്ഷേത്രത്തിലെ ഉത്സവത്തിനായി വിജയൻകുട്ടി നാട്ടിൽ എത്തി മടങ്ങിയതാണ്. ശൗര്യചക്ര ബഹുമതിയിലൂടെ കുടുംബത്തിനൊപ്പം നാടിനും അഭിമാനം.