ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിന് വിട നൽകി നാട്. സംസ്കാരത്തിൽ പങ്കെടുക്കാൻ അമ്മൂമ്മയും അച്ഛനും എത്തി. മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ രണ്ട് പേരും നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും വിട്ടയക്കുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിയതിന് ശേഷമായിരുന്നു ദേവേന്ദുവിന്‍റെ സംസ്കാരം.
ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് അമ്മാവന്‍ ഹരികുമാര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം ഒറ്റയ്ക്കാണ് ചെയ്തതെന്നും ഹരികുമാർ പറയുന്നു. എന്നാൽ ആരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടി ഹരികുമാര്‍ കുറ്റം ഏറ്റെടുത്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിനു വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പൊലീസിനോടു കയര്‍ക്കുന്ന സമീപനമാണ് ഹരികുമാര്‍ സ്വീകരിച്ചത്. ഹരികുമാര്‍ ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ പുലര്‍ച്ചെ പിതാവ് ശ്രീജിത്തിന്റെ അടുത്തു കിടത്തിയ ശേഷമാണ് ശുചിമുറിയിലേക്കു പോയതെന്നാണ് അമ്മ ശ്രീതു ആദ്യം പറഞ്ഞിരുന്നത്.