അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്ത കുരുന്ന് അമ്മയോട് ഒരു പരാതിയുമായെത്തിയത് കഴിഞ്ഞ ദിവസം വൈറലായിരുന്നു, ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും അംഗന്‍വാടിയില്‍ നല്‍കാന്‍ നടപടി വേണമെന്നായിരുന്നു കുട്ടിക്കുറുമ്പന്‍റെ ആവശ്യം. ഇത് വിഡിയോയാക്കി അമ്മ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഇതോടെ ‘ബിര്‍ണാണിയും പൊരിച്ച കോഴിയും’ വൈറലായി. ഇതിന്‍റെ കാര്‍ഡ് പോസ്റ്റ് ചെയ്ത മനോരമ ന്യൂസിന്‍റെ വാര്‍ത്തയുടെ താഴെയാണ് ഒരമ്മ തന്‍റെ മോളുടെ പരാതിയുമായി എത്തിയത്.
‘എന്റെ ദൈവമേ, അങ്കണവാടിയിൽ പോകുന്ന എന്റെ മോൾക്കും ഇത് തന്നെ ആണ് പരാതി, പരാതി കേട്ട് മടുത്ത ടീച്ചർ ഇപ്പോൾ റൈസ് നെയ്യും ഒഴിച്ച് ഉണ്ടാക്കി കൊടുക്കും, അതിൽ ചിക്കൻ ഇല്ല എന്നതാണ് അടുത്ത പരാതി’ എന്നായിരുന്നു കമന്‍റ് . ഇതിന് പിന്നാലെയാണ് ഇടുക്കി നെറ്റിത്തൊഴു സ്വദേശിയായ ടാക്സി ഡ്രൈവര്‍ ബിന്നി ചെറിയാന്‍ ‘അങ്കണവാടിയില്‍ എത്ര കുട്ടികൾ ഉണ്ട് മാസത്തിൽ ഒരു ദിവസം ചിക്കൻ എന്റെ വക’ എന്ന് കമന്‍റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ബിന്നി തന്നെ അംഗവാടി കണ്ടുപിടിച്ച് അവിടുത്തെ കുട്ടികള്‍ക്ക് ആവശ്യമുള്ള ചിക്കന്‍ വാങ്ങികൊടുക്കാനുള്ള പണവും അയച്ചു കൊടുത്തു.
പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസിയോട് ചേര്‍ന്നുള്ള ആ അങ്കണവാടിയില്‍ ആകെയുള്ളത് അഞ്ച് കുട്ടികള്‍ മാത്രമാണ്. ജീവിതത്തില്‍ മറ്റുള്ളവരെ സഹായിക്കുക എന്നതാണ് വലിയ കാര്യമെന്നും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബിന്നി പറഞ്ഞു. മാസത്തില്‍ ഒരുദിവസം ചിക്കന്‍ കൊടുക്കാന്‍ ആകെ ചിലവാകുന്നത് അഞ്ചൂറ് രൂപ മാത്രമാണെന്നും മറ്റുള്ളവരും കൂടി കരുതിയാല്‍ അംഗവാടികളില്‍ വലിയ സഹായം ആകുമെന്നും ബിന്നി പറയുന്നു.