ഒരുസ്ഥലത്ത് സംഭവിക്കുന്ന സിനിമ എവിടെയും സംഭവിക്കാവുന്നതാണെന്ന് പ്രേക്ഷകനുതോന്നിയാല്‍ അത് പരാജയപ്പെട്ടുവെന്ന് കരുതുന്ന വിം വെന്‍ഡേഴ്സ്. എങ്ങനെയാകും തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗമായ കുതിരമാളികയും പരിസരവും കാണുക ഭാര്യ ഡൊണാറ്റയും മക്കളും വെന്‍ഡേഴ്സിനൊപ്പം.
കുതിരമാളിക വളപ്പിലെ കൂറ്റന്‍ കവാടം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്ര സിങ് ദുംഗാര്‍പുര്‍ കാണിച്ചുകൊടുത്തപ്പോള്‍ വെന്‍ഡേഴ്സിനും കൗതുകം. എല്ലാം ഫ്രെയിമിലാക്കി. ആനക്കൊട്ടിലിലേക്ക്. എല്ലാവര്‍ക്കും സുദര്‍ശിനയെ തൊടണം. ആഹാരം കൊടുക്കണം. വെന്‍ഡേഴ്സും നല്‍കി ഒരുപടല ഞാലിപ്പൂവന്‍ പഴം . ഒന്നല രണ്ടുതവണ.
ചിത്രകാരനാകാന്‍ ആഗ്രഹിച്ച് ഫൊട്ടോഗ്രഫറും സിനിമാറ്റോഗ്രഫറുമായ വെന്‍ഡേഴ്സിന്റെ മനസില്‍ ഈ ആനക്കൊട്ടിലും ആനയും എങ്ങനെയാകും പതിഞ്ഞിട്ടുണ്ടാകുക? ആനയെങ്ങനെയാണ് നമ്മളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകയെന്നതായിരുന്നു ഉത്തരം.
'വളരെ ശാന്തമായ ഇടമാണിത്.ആനയുടെ മനസില്‍ വളരെയധികം ശാന്തതയുണ്ട്. അത് എങ്ങനെയാകും ചിന്തിച്ചിട്ടുണ്ടാകും. നമ്മള്‍ ചുറ്റും നില്‍ക്കുന്നു, പടമെടുക്കുന്നു, കുറച്ചുകഴിയമ്പോള്‍ പോകുന്നു. വളരെ വിചിത്രരായ ആളുകള്‍ എന്നാകും അതിന്റെ മനസില്‍' - വിം വെന്‍ഡേഴ്സ്, ജര്‍മന്‍ സംവിധായകന്‍.
ബെര്‍ലിനും മ്യൂണിക്കും പാരിസും ആംസ്റ്റര്‍ഡാമും, മാഡ്രിഡും ഒക്കെ തന്റെ സിനിമാ പശ്ചാത്തലമാക്കിയ വെന്‍ഡേഴ്സിന് ബോധിച്ചുവോ ഇവിടം?. 'കേരളം സ്വര്‍ഗത്തെപ്പോലെയാണ് ,ആളുകള്‍ വളരെ ശാന്തരും സൗഹൃദമനസുള്ളവരുമാണ്. ആദ്യമായാണ് ഇവിടെ വരുന്നത് , എന്നാല്‍ ഒരിക്കലുമത് അവസാനത്തേതല്ല' - വിം വെന്‍ഡേഴ്സ്, ജര്‍മന്‍ സംവിധായകന്‍.